ദമ്മാം: 'പുതിയകാല വായന' എന്ന ശീര്‍ഷകത്തില്‍ ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന്‍ ദമ്മാം സിറ്റി സെക്ടര്‍ ടേബിള്‍ടോക് സംഘടിപ്പിച്ചു. 'ബെറ്റര്‍ വേള്‍ഡ് ബെറ്റര്‍ ടുമോറോ' എന്ന സന്ദേശത്തില്‍ ഐ.സി.എഫ്. രാജ്യാന്തര തലത്തില്‍ നടത്തിവരുന്ന മാനവ വികസന വര്‍ഷത്തിന്റെ ഭാഗമായി നടക്കുന്ന റീഡ് ആന്‍ഡ് ലീഡ് ക്യാമ്പയിനിനോടനുബന്ധിച്ചായിരുന്നു പരിപാടി.
മാറിയ കാലത്തെ വായനാ ഉരുപ്പടികള്‍, വായനയുടെ തെരഞ്ഞെടുപ്പ്, പ്രവാസവും വായനയും, ഫലപ്രദവായനയുടെ രാഷ്ട്രീയം തുടങ്ങി പുതിയകാല വായനയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള അവതരണങ്ങളും ചര്‍ച്ചയും നടന്നു.
ആഘോഷിക്കപ്പെടുന്ന പുസ്തകങ്ങള്‍ ഷെല്‍ഫില്‍ ഉണ്ടായിരിക്കുക എന്നതില്‍ ഒതുങ്ങുന്നതാകരുത് വായനയെന്നും ഡിജിറ്റല്‍ കാലത്തെ വായനയെ സ്വീകരിക്കാന്‍ വിമുഖത കാണിക്കേണ്ടതില്ലെന്നും സംഗമം അഭിപ്രായപ്പെട്ടു.
വായനയുടെ തെരഞ്ഞെടുപ്പ് പ്രധാനമാണ്. പ്രവാസം സൃഷ്ടിക്കുന്ന ബഹുസാംസ്‌കാരിക പരിസരം തന്നെ വായനയുടേതും അനുഭവങ്ങളുടെതുമാണ്. വായനയിലൂടെ അറിവു സമ്പാദനമല്ല, മനുഷ്യപക്ഷ രാഷ്ട്രീയം പേറാനുള്ള ഊര്‍ജവും ഊക്കുമാണ് സ്വാംശീകരിച്ചെടുക്കാന്‍ കഴിയേണ്ടതെന്നും ടേബിള്‍ടോക് അഭിപ്രായപ്പെട്ടു.
അഷറഫ് ചാപ്പനങ്ങാടി കീ നോട്ട് അവതരിപ്പിച്ചു. ഐ.സി.എഫ്. ഇന്റര്‍ നാഷണല്‍ കൗണ്‍സില്‍ സെക്രട്ടറി സലീം പാലച്ചിറ, മുനീര്‍ തോട്ടട, അഹമദ് നിസാമി, സബൂര്‍ പുറത്തീല്‍, സക്കീറുദ്ദീന്‍ മന്നാനി ചടയമംഗലം, സിദ്ദീഖ് ഇര്‍ഫാനി കുനിയില്‍ എന്നിവര്‍ പ്രതികരിച്ച് സംസാരിച്ചു.
മുസ്തഫ മുക്കൂട് ചര്‍ച്ച സംഗ്രഹിച്ചു. സലാം സഖാഫി, മിദ്‌ലാജ് ഹാദി, നൂറുല്‍ അമീന്‍ തങ്ങള്‍, സ്വലാഹുദ്ധീന്‍, ലത്തീഫ് ഹാജി വെന്നിയൂര്‍, നസീര്‍ പറപ്പൂര്‍ സംബന്ധിച്ചു. യൂസുഫ് പറമ്പില്‍ പീടിക, നൗഷാദ് പുതിയങ്ങാടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.