/sathyam/media/media_files/xXbc066JqHfA5fiKNCNt.jpg)
കുവൈത്ത് സിറ്റി: വിദേശതൊഴില്‍ തട്ടിപ്പ് കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന പ്രവാസി ലീഗല്‍ സെല്ലിന്റെ നിവേദനത്തില്‍ കേരള സര്‍ക്കാര്‍ രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. കുറച്ചു നാളുകളായി കേരളത്തില്‍ അങ്ങോളമിങ്ങോളം വിദേശ തൊഴില്‍ തട്ടിപ്പ് കേസുകള്‍ വ്യാപകമായി നടക്കുന്നതായും ഈ സാഹചര്യത്തില്‍ ശക്തമായ നിയമനടപടികള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രവാസി ലീഗല്‍ സെല്‍ ഹൈക്കോടതിയില്‍ ഹര്‍ജിനല്‍കിയത്.
കോവിഡിനെത്തുടര്‍ന്ന് വിദേശത്തേക്ക് ജോലിക്കും പഠനത്തിനുമായി കേരളത്തില്‍ നിന്നും പുറപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായിട്ടുണ്ടെന്നും അതോടൊപ്പമുണ്ടാക്കുന്ന തട്ടിപ്പുകളിലും വന്‍വര്‍ധനയുണ്ടാകുന്നതായി ഹര്‍ജിയില്‍ പറയുന്നു. വിദേശപഠനത്തിനായി കുട്ടികളെ അയയ്ക്കുന്ന ഏജന്‍സികള്‍ നിലവില്‍ ഇന്ത്യന്‍ എമിഗ്രേഷന്‍ നിയമത്തിനു പുറത്താണ്.
ഇത്തരം അവസരങ്ങള്‍ മുതലെടുത്താണ് വന്‍ തട്ടിപ്പുകള്‍ തുടര്‍ച്ചയായി നടക്കുന്നത്. ഗാര്‍ഹിക ജോലിക്കെന്നു പറഞ്ഞു സന്ദര്‍ശക വിസയിലും മറ്റും മനുഷ്യകടത്തുപ്പെടെയുള്ള കേസുകള്‍ വര്‍ധിച്ചുവരുന്നതായും ഹര്‍ജിയയില്‍ പറയുന്നുണ്ട്. നോര്‍ക്കയുടെ നേതൃത്വത്തില്‍ കൂടുതല്‍ ബോധവത്കരണനടപടികളും വ്യാജ ഏജന്‍സികള്‍ക്കെതിരെയുള്ള നടപടി ശക്തപ്പെടുത്തണമെന്നും മറ്റും ചൂണ്ടിക്കാണിച്ച് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം കേരള സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു.
ഈ നിവേദനത്തില്‍ രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്നാണ് ജസ്റ്റിസ് ടി. ആര്‍. രവി അധ്യക്ഷനായ ബെഞ്ചിന്റെ വിധി നിര്‍ദേശിക്കുന്നത്. വിദേശ തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കേസുകളാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം അടുത്തിടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍, ഇവ ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേരള ഹൈക്കോടതിയുടെ ഇടപെടല്‍ ആശ്വാസമുണ്ടുക്കുന്നതാണെന്ന് ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ഷൈജിത്ത്, വൈസ് പ്രസിഡന്റ് ചാള്‍സ് പി. ജോര്‍ജ് എന്നിവര്‍ പറഞ്ഞു.
തൊഴില്‍തട്ടിപ്പ് കേസുകളില്‍പ്പെട്ടുപോകുന്ന ഇരകളെ നാട്ടിലേക്കു തിരിച്ചയയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിദേശരാജ്യത്തു വലിയ നൂലാമാലകളുണ്ടാകാറുണ്ടെന്നും ഏറ്റവും ലളിതമായ പരിഹാരമെന്നു പറയുന്നത് കേരളത്തില്‍ത്തന്നെ വ്യാജ ഏജന്‍സികളെ നിയന്ത്രിക്കുന്നതാണ് നല്ലതെന്നും പ്രവാസി ലീഗല്‍ സെല്‍ ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us