അലോഷി പാടി; റിയാദ് ഏറ്റുപാടി

തുടക്കം മുതല്‍ പരിപാടി അവസാനിക്കും വരെ നിറഞ്ഞ സദസിനെ ആവേശം കൊള്ളിക്കാന്‍ അലോഷിക്കായി.

New Update
75757577

റിയാദ്: പ്രശസ്ത ഗസല്‍-പിന്നണി ഗായകന്‍ അലോഷി ആദംസ് നേതൃത്വം നല്‍കി റിയാദില്‍ അരങ്ങേറിയ ഗസല്‍ സന്ധ്യ ഹൃദയം കവര്‍ന്നു. കേളി കലാസാംസ്‌കാരിക വേദിയുടെ 'വസന്തം-സീസണ്‍-3' ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ച  അലോഷി ആലപിച്ച ഗാനങ്ങള്‍ റിയാദ് പ്രവാസി ലോകം ഹൃദയപൂര്‍വം ഏറ്റെടുക്കുകയും അവയേറ്റു പാടുകയുമായിരുന്നു.

Advertisment

ഇടതടവില്ലാത്ത മൂന്നു മണിക്കൂര്‍ നീണ്ട പരിപാടിയില്‍ അലോഷി ആലപിച്ചു 35-ല്‍പ്പരം ഗാനങ്ങള്‍. ബാബുക്കയുടെയും മെഹബൂബിന്റെയും ഉമ്പായിയുടെയും മെഹദിയുടെയും മനോഹര ഗാനങ്ങള്‍ക്കൊപ്പം നാടകഗാനങ്ങളും കവിതകളുമായി വിരഹവും വിപ്ലവവും ഇഴചേര്‍ത്ത് അലോഷി ആദംസ് പാടി. തുടക്കം മുതല്‍ പരിപാടി അവസാനിക്കും വരെ നിറഞ്ഞ സദസിനെ ആവേശം കൊള്ളിക്കാന്‍ അലോഷിക്കായി.

മലാസ് അല്‍ യാസ്മില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ പരിപാടിയില്‍ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം അലോഷിയെയും സംഘത്തെയും ബോക്കെ നല്‍കി സ്വീകരിച്ചു. ആദ്യമായി സൗദി അറേബ്യയില്‍ എത്തിയ അലോഷിക്കൊപ്പം തബലിസ്റ്റ് ഷിജിന്‍ തലശേരിയും ഹാര്‍മോണിയം കൈകാര്യം ചെയ്യാന്‍ അനു പയ്യന്നൂരും നാട്ടില്‍ നിന്നെത്തി. റിയാദില്‍ നിന്നുള്ള ഷാനവാസ് ഷാനു (ഗിത്താര്‍), മുഹമ്മദ് റോഷന്‍ (കീബോര്‍ഡ്) എന്നിവരും ചേര്‍ന്ന് ഗസല്‍ സന്ധ്യ ആഘോഷമാക്കി.

സമാപന ചടങ്ങില്‍ കേളി രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബ കൂവോട് വിവരണം നല്‍കി.   അലോഷി ആദംസിനുള്ള മൊമെന്റോ രക്ഷധികാരി സെക്രട്ടറി കെ.പി.എം. സാദിക്കും, ഷിജിന്‍ തലശേരിക്ക് കേളി സെക്രട്ടറി സുരേഷ് കണ്ണപുരവും, അനു പയ്യന്നൂറിന് പ്രസിഡന്റ് സെബിന്‍ ഇഖ്ബാലും ഷാനവാസ് ഷാനുവിന് ട്രഷറര്‍ ജോസഫ് ഷാജിയും മൊമെന്റോ കൈമാറി.

രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യില്‍ മുഹമ്മദ് റോഷനും, ഷമീര്‍ കുന്നുമ്മല്‍ അല്‍ യാസ്മിന്‍ സ്‌കൂളിനും, ഗീവര്‍ഗീസ് ഇടിച്ചാണ്ടി സൗണ്ട് എന്‍ജിനീയര്‍ സ്‌റ്റൈസണ്‍ തോമസിനും, പ്രഭാകരന്‍ കണ്ടോന്താര്‍ ക്യാമറ മേന്‍ ഫൈസല്‍ നിലമ്പൂരിനും  മൊമെന്റോ നല്‍കി. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് സ്വാഗതവും   കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.

Advertisment