ജുബൈലിൽ നടക്കുന്ന പതിനഞ്ചാമത്‌ എഡിഷൻ സൗദി ഈസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോസൽവ പ്രമേയത്തിൽ  ആശയചർച്ച സംഘടിപ്പിച്ചു

New Update
sahithyolsaava charcha

ജുബൈൽ: കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ജനുവരി 9-ന് ജുബൈലിൽ നടക്കുന്ന പതിനഞ്ചാമത്‌ എഡിഷൻ സൗദി ഈസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ പ്രമേയമായ ‘പ്രയാണങ്ങൾ’ എന്ന വിഷയത്തിൽ ആശയചർച്ച സംഘടിപ്പിച്ചു. ഡിസംബർ 27 ശനി ജുബൈൽ സ്പൈസ് ഓഡിറ്റോറിയത്തിൽ 'പ്രമേയവിചാരം' എന്ന പേരിൽ നടന്ന പരിപാടിയിൽ പ്രമുഖ സാംസ്കാരിക-സാമൂഹിക പ്രവർത്തകർ പങ്കെടുത്തു.

Advertisment

കരയിലും കടലിലും ആകാശത്തും മാത്രമല്ല, ഭാഷകളിലും ചിന്തകളിലും ആത്മാവിലും മനുഷ്യൻ നടത്തിയ നിരന്തരമായ സഞ്ചാരങ്ങളാണ് മാനവചരിത്രത്തെ രൂപപ്പെടുത്തിയതെന്ന് ചർച്ച വിലയിരുത്തി. തിരച്ചിലിന്റെയും അഭയാർത്ഥിത്വത്തിന്റെയും പഠനത്തിന്റെയും ആത്മീയന്വേഷണങ്ങളുടെയും ഭാഗമായുള്ള പ്രയാണങ്ങൾ മനുഷ്യനെ നിരന്തരം പരിഷ്കരിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യൻ അപരനിലേക്ക്‌ വികസിക്കുന്ന മാനുഷിക മൂല്യങ്ങളിലൂടെയുള്ള പ്രയാണങ്ങളാണ്‌ പുതിയ കാലം ആവശ്യപ്പെടുന്നത്‌. 'പ്രയാണങ്ങൾ' എന്ന ആശയത്തിൽ കലയ്ക്കും മാനുഷിക മൂല്യങ്ങൾക്കും ഊന്നൽ നൽകി മനുഷ്യൻ, കല, സഞ്ചാരം (മ. ക. സ.) എന്നതാണ്‌ നാഷനൽ സാഹിത്യോത്സവ്‌ ടാഗ്‌ലൈനായി സ്വീകരിച്ചിരിക്കുന്നത്‌.

കവിയും സാഹിത്യ നിരീക്ഷകനുമായ മുസ്തഫ മാസ്റ്റർ മുക്കൂട് മോഡറേറ്ററായിരുന്ന പരിപാടി ആർ.എസ്.സി സൗദി ഈസ്റ്റ് കലാലയം സെക്രട്ടറി മുഹമ്മദ് അൻവർ വിഷയാവതരണം നടത്തി. ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മലയാളം വിഭാഗം അധ്യാപകൻ സനൽ മാസ്റ്റർ, നവാഫ് (IMCC), അബ്ദുസ്സലാം വണ്ടൂർ (നവോദയ), ശിഹാബ് കായംകുളം (OICC), ഉമർ സഖാഫി മൂർക്കനാട് (ICF), ആർ.എസ്.സി ഗ്ലോബൽ പ്രവർത്തക സമിതി അംഗം സാദിഖ് സഖാഫി ജഫനി, എ.ആർ. സലാം (KMCC), സംഘാടക സമിതി സെക്രട്ടറി ശരീഫ് മണ്ണൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.


ആർ.എസ്.സി സൗദി ഈസ്റ്റ്‌ നാഷനൽ പ്രവർത്തക സമിതി അംഗം റംജു റഹ്മാൻ സ്വാഗതവും നാഷനൽ കലാലയം സെക്രട്ടറി റഷീദ് വാടാനപ്പള്ളി നന്ദിയും പറഞ്ഞു. വരാനിരിക്കുന്ന നാഷനൽ സാഹിത്യോത്സവിലേക്കുള്ള മുന്നൊരുക്കങ്ങൾ ജുബൈലിൽ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.

Advertisment