/sathyam/media/media_files/2026/02/05/whatsapp-im-2026-02-05-20-56-44.jpeg)
ദമ്മാം :വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള രണ്ടു പുസ്തകങ്ങൾ തിരഞ്ഞെടുത്ത് സൗദി മലയാളി സമാജം നടത്തിയ സാഹിതീയം പുസ്തകചർച്ച അക്ഷരപ്രേമികൾക്ക് അനുഭൂതിയായി. യുവ എഴുത്തുകാരൻ ഷനീബ് അബൂബക്കർ രചിച്ച "ഒരു സൗദി സുലൈമാനി" എന്ന പുസ്തകം നജുമുസ്‍മാൻ കുളങ്ങരതൊടിയും, ഭൗമാശാസ്ത്രജ്ഞയായ കുശലാ രാജേന്ദ്രൻ രചിച്ച "പട്ടം പോലെ" എന്ന പുസ്തകം നവാസ് അബ്ദുൽ ഖാദറുമാണ് അവതരിപ്പിച്ചത്.
ദമ്മാം റോസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂൽ അധ്യക്ഷനായിരുന്നു. മധുരവും കടുപ്പവും പാകത്തിൽ ചേർത്ത്, നാട്ടിലും, പ്രവാസത്തിലുമായി കടന്നുപോയ സ്വജീവിതത്തിലെ അനുഭവകഥകളെ ഷനീബ് അബൂബക്കർ ഹൃദയം തൊടുന്ന രീതിയിൽ എഴുതി ചേർത്ത പുസ്തകമാണ് ഒരു സൗദി സുലൈമാനി.
തന്റെ ജീവിതത്തിലെ സ്വപ്നങ്ങളും, സന്തോഷങ്ങളും, തമാശകളും, നോവിന്റെ പിടച്ചിലുകളുമെല്ലാം നിറഞ്ഞ ജീവിതവഴികളെ സരസവും ലളിതവുമായി എഴുത്തുകാരൻ അക്ഷരങ്ങളിലേക്ക് പകർത്തിയ സൗദി സുലൈമാനിയേ അതിന്റെ ആത്മാവ് ചോരാതെ, അതേ ലാളിത്യത്തോടെ, കേൾവിക്കാരിൽ ചിരിയും ചിന്തയുമുണർത്തി നജ്മുസ്‍മാൻ മനോഹരമായി അവതരിപ്പിച്ചു.
വിചാരമണ്ഡലത്തിലെ പുതുമയും, ഭാഷയുടെ മനോഹാരിതയും കൊണ്ട് കുശലാ രാജേന്ദ്രന്റെ പട്ടം പോലെ എന്ന കൃതി ഏറെ ശ്രദ്ധേയമാണ്. സമൂഹം വരച്ചിട്ട വഴികളിൽ നിന്നും പുറത്തുകടന്ന്, വൈവിധ്യമർന്ന അനുഭവങ്ങളിലൂടെ സഞ്ചരിച്ച്, ഭൗമശാസ്ത്രമേഖലയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച കുശല എന്ന പ്രതിഭയുടെ ഇച്ഛാശക്തിയോടെയുള്ള ചുവടുവയ്പ്പുകളെ വരച്ചിട്ട അനുഭവക്കുറിപ്പുകൾ നവാസ് അബ്ദുൽ ഖാദർ ഹൃദ്യമായി അവതരിപ്പിച്ചു.
മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ, നൗഷാദ് മുത്തലിഫ്, ബിജു വർക്കി, ഇഖ്ബാൽ വെളിയംകോട്, ജേക്കബ് ഉതുപ്പ്, ഹരികൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. മലയാളി സമാജം നിർവാഹകസമിതിയംഗം മുഷാൽ തഞ്ചേരി ചർച്ചയിൽ മോഡറേറ്റർ ആയിരുന്നു.
ഉന്നത പഠനത്തിനായി അസർബൈജാനിലേക്ക് പോകുന്ന സമാജം എക്സിക്യൂട്ടീവ് അംഗം നജ്മുസമാന്റെയും ട്രഷറർ ഫെബിനാ നജ്മുസമാന്റെയും മകൾ സെൻഹാ സമാന് മലയാളി സമാജത്തിന്റെ സ്നേഹോപഹാരം സമ്മാനിച്ചു. ഹുസൈൻ ചമ്പോളിൽ, ഷാജു അഞ്ചേരി, ബിനു പുരുഷോത്തമൻ, റൗഫ് ചാവക്കാട്, ബിനു കുഞ്ഞ്, ഹുസ്നാ ആസിഫ്, വിനോദ് കുഞ്ഞ്, ഹമീദ് കണിച്ചാട്ടിൽ, നസീർ പുന്നപ്ര, ഉണ്ണികൃഷ്ണൻ, അസ്ഹർ, സഹീർ മജ്ദാൽ, അനിൽ റഹീമ, സരള ജേക്കബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സമാജം ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു സ്വാഗതവും, ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us