/sathyam/media/media_files/gH589KRiKTSjExWiqxqe.png)
അബുദാബി: അബുദാബിയില്‍ അശ്രദ്ധമായി മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങി ഗതാഗത, മുനിസിപ്പാലിറ്റി വിഭാഗം അധികൃതര്‍.
പുതുക്കിയ പിഴകള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പുറത്തുവിട്ടിട്ടുണ്ട്. നിയമ ലംഘനത്തിനും അതിന്റെ വ്യാപ്തിക്കുമനുസരിച്ചായിരിക്കും പിഴകള്‍ ചുമത്തുന്നത്. കൂടാതെ ലംഘനം ആവര്‍ത്തിച്ചാല്‍ 4000 ദിര്‍ഹം വരെയായിരിക്കും പിഴ ലഭിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം, രാജ്യത്തിന്റെ 53ാമത് ദേശീയ ദിനത്തില്‍ മാത്രം പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞതിനും റോഡുകളില്‍ സ്‌പ്രേ പെയിന്റുകള്‍ ഉപയോഗിച്ചതിനും 670ലധികം നിയമ ലംഘകര്‍ക്കാണ് പിഴയിട്ടത്. കാല്‍ നടയാത്രക്കാര്‍, ഡ്രൈവര്‍മാര്‍, വാഹന യാത്രക്കാര്‍ തുടങ്ങിയവരാണ് നിയമലംഘകരില്‍ അധികവും.
പൊതു ഇടങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ളതാണ് പുതുക്കിയ പിഴകള്‍. നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിലല്ലാതെ സിഗരറ്റ് കുറ്റികള്‍ വലിച്ചെറിയുക, ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ അശ്രദ്ധമായി വലിച്ചെറിയുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്ക് 500 ദിര്‍ഹമായിരിക്കും പിഴ ലഭിക്കുന്നത്.
ലംഘനം വീണ്ടും ആവര്‍ത്തിച്ചാല്‍ 2000 ദിര്‍ഹമായിരിക്കും പിഴ. മറ്റ് മാലിന്യങ്ങളാണ് പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്നതെങ്കില്‍ 1000 ദിര്‍ഹമായിരിക്കും പിഴ. ലംഘനം വീണ്ടും ആവര്‍ത്തിച്ചാല്‍ 4000 ദിര്‍ഹമായി പിഴ ഉയര്‍ത്തും.