അക്മ ഗൾഫ് മലയാളി ഓണം 2025: ഒരുമയുടെയും ആഘോഷത്തിൻ്റെയും പൊന്നോണം!..

നാടിന്റെ ഓർമ്മകൾ നിറയുന്ന ഈ പൊന്നോണ ദിനത്തിൽ, കേരളത്തിന്റെ തനത് കലാരൂപങ്ങളും ആഘോഷങ്ങളും അണിനിരക്കും

New Update
AKGMA

ദുബായ്: ഗൾഫ് മലയാളികളുടെ ഏറ്റവും വലിയ കുടുംബ ഓണാഘോഷമായ ‘’അക്മ ഗൾഫ് മലയാളി ഓണം 2025" ഒക്ടോബർ 12-ന് ദുബായ് മെയ്ദാനിലെ കെൻ്റ് കോളേജിൽ അതിവിപുലമായ പരിപാടികളോടെ അരങ്ങേറും.

Advertisment

ദുബായ് ഗവൺമെന്റിന്റെ അംഗീകാരമുള്ള ഏറ്റവും വലിയ കുടുംബ കൂട്ടായ്മയായ ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ (AKGMA) സംഘടിപ്പിക്കുന്ന ഈ വർണ്ണാഭമായ ആഘോഷം, കേരളീയ സംസ്കാരവും പാരമ്പര്യവും പ്രവാസ മണ്ണിൽ പുനരവതരിപ്പിക്കും.

നാടിന്റെ ഓർമ്മകൾ നിറയുന്ന ഈ പൊന്നോണ ദിനത്തിൽ, കേരളത്തിന്റെ തനത് കലാരൂപങ്ങളും ആഘോഷങ്ങളും അണിനിരക്കും.

അക്മ കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാവുക. തുടർന്ന്, വർണ്ണങ്ങൾ ചാലിച്ച പൂക്കളമത്സരം, മധുരമൂറുന്ന പായസമത്സരം, കുട്ടികൾക്കും മുതിർന്നവർക്കുമായി ആവേശം പകരുന്ന ഓണക്കളികൾ എന്നിവ നടക്കും.

കേരളത്തിന്റെ ഉത്സവപ്പെരുമ വിളിച്ചോതുന്ന സാംസ്കാരിക ഘോഷയാത്രയും അഖണ്ഡ ടീം അവതരിപ്പിക്കുന്ന ആവേശകരമായ ശിങ്കാരിമേളവും ആഘോഷത്തിന് മാറ്റുകൂട്ടും. അക്മ മ്യൂസിക് മാനിയയുടെ സംഗീത വിരുന്നും, അക്മ ഡാൻസ് ടീമിന്റെ ചടുലമായ നൃത്തച്ചുവടുകളും വേദിയിൽ ദൃശ്യ-ശ്രവ്യ വിരുന്നൊരുക്കും.

ഈ വർഷത്തെ ഓണാഘോഷത്തിന്റെ മുഖ്യ ആകർഷണം, കേരളത്തിൽ നിന്നെത്തുന്ന പ്രശസ്തമായ ബാനർജിസ് കനൽ ബാൻഡിന്റെ മെഗാ സംഗീത നിശയായിരിക്കുമെന്ന് പ്രോഗ്രാം ഡയറക്ടർ സരിൻ പി.ടി., ആർട്സ് ഡയറക്ടർ ജിൻസി ചാക്കോ എന്നിവർ അറിയിച്ചു.

പന്ത്രണ്ടോളം കലാകാരന്മാർ അണിനിരക്കുന്ന ഈ സംഗീത വിരുന്ന് പ്രവാസികൾക്ക് അവിസ്മരണീയമായ അനുഭവമാകും. പ്രവേശനം സൗജന്യം ആയിരിക്കും. 

ചലച്ചിത്ര താരം മാളവിക മേനോൻ, എൻ ടിവി ചെയർമാൻ മാത്തുകുട്ടി കൊടോൺ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും.

ഗൾഫ് മണ്ണിൽ ഒരു കൊച്ചു കേരളം ഒരുക്കുന്ന ഈ ഓണാഘോഷത്തിൽ പങ്കുചേരാനും, ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവെക്കാനും എല്ലാ മലയാളികളെയും ഒക്ടോബർ 12-ന് ദുബായ് കെൻ്റ് കോളേജിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പ്രസിഡന്റ് നസീർ ആർ.വി., ജനറൽ സെക്രട്ടറി നൗഷാദ് കെ., ട്രഷറർ ജിനീഷ് ജോസഫ്, ചീഫ് കോർഡിനേറ്റർ സന്തോഷ്‌ നായർ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Advertisment