ഓസ്‌ട്രേലിയയിലെ അഡലെയ്ഡിൽ അറസ്റ്റിനിടെ പോലീസ് കഴുത്തിൽ കാൽമുട്ട് വച്ചു ഞെരിക്കുകയും തല കാറിൽ ഇടിക്കുകയും ചെയ്തതിനെ തുടർന്നു തലച്ചോറിനു ഗുരുതരമായ പരുക്കേറ്റ ഇന്ത്യൻ വംശജൻ ഗൗരവ് കുന്ദി (42) കോമയിലായി. റോയൽ അഡലെയ്ഡ് ഹോസ്പിറ്റലിൽ കഴിയുന്ന അദ്ദേഹം ജീവനു വേണ്ടി പൊരുതുകയാണെന്നു ഭാര്യ അമൃത്പാൽ കൗർ പറഞ്ഞു.
അഡലെയ്ഡിന്റെ കിഴക്കൻ പ്രാന്തപ്രദേശത്തു വച്ച് അറസ്റ്റ് ചെയ്യുമ്പോൾ പോലീസ് അതിക്രൂരമായി ആക്രമിച്ചെന്നു കൂടെ ഉണ്ടായിരുന്ന കൗർ പറയുന്നു. താനും കുന്ദിയും തമ്മിൽ ഉച്ചത്തിൽ തർക്കിച്ചെന്നും അത് വീട്ടുവഴക്കാണെന്നു തെറ്റിദ്ധരിച്ചു പോലീസ് ഇടപെട്ടതാണെന്നും കൗർ വിശദീകരിച്ചു.
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നു കുന്ദി ഉച്ചത്തിൽ വിളിച്ചു പറഞ്ഞപ്പോൾ അവർ കൂടുതൽ ബലം പ്രയോഗിച്ചു. രണ്ടു കുട്ടികളുടെ പിതാവായ കുന്ദിക്കു അപ്പോൾ തന്നെ ബോധം നഷ്ടപ്പെട്ടു.
കഴുത്തിനു ഗുരുതരമായ പരുക്കോടെ ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തിന്റെ തലച്ചോറ് പാടേ തകർന്നു പോയെന്നു കൗർ പറഞ്ഞു.
"അദ്ദേഹം ഉണരാമെന്നും ഉണരാതിരിക്കാം എന്നും ഡോക്ടർമാർ പറയുന്നു."
തങ്ങൾ സംസാരിക്കുമ്പോൾ കടന്നു പോയ പോലീസ് പട്രോൾ ഇടപെടുകയായിരുന്നു എന്നു കൗർ പറഞ്ഞു. "അദ്ദേഹത്തെ അവർ പുറത്തേക്കു വിളിച്ചപ്പോൾ ഞാനും ഇറങ്ങിച്ചെന്നു. അദ്ദേഹം മദ്യപിച്ചിരുന്നു. തിരിച്ചു അകത്തു പോകാമെന്നു ഞാൻ പറഞ്ഞു. പക്ഷെ അദ്ദേഹം കേട്ടില്ല. എന്നെ ചെറുതായി പിടിച്ചു തള്ളുകയും ചെയ്തു. ആക്രമിക്കയാണെന്നു പോലീസ് തെറ്റിദ്ധരിച്ചു.
"അദ്ദേഹം മദ്യപിച്ചിരുന്നതു കൊണ്ടാണ് ഉച്ചത്തിൽ സംസാരിച്ചത്. അല്ലാതെ മറ്റു പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല."
പോലീസ് കാറിൽ അവർ അദ്ദേഹത്തിന്റെ തല ഇടിച്ചെന്നും അങ്ങിനെയാണ് തലയ്ക്കു പരുക്കേറ്റതെന്നും കൗർ പറഞ്ഞു. അവർ അദ്ദേഹത്തെ തള്ളി താഴെയിടുകയും ചെയ്തു. താഴെ വീണപ്പോൾ കാൽമുട്ട് കൊണ്ട് കഴുത്തിൽ അമർത്തിപ്പിടിച്ചു. റോഡിൽ തലയടിച്ചാണ് തലച്ചോറിൽ പരുക്കേറ്റത്.
കുന്ദിക്കു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് താൻ പറഞ്ഞിട്ടു പോലീസ് അത് ശ്രദ്ധിച്ചില്ലെന്നു കൗർ പറഞ്ഞു. "അദ്ദേഹത്തിന്റെ ആരോഗ്യം മോശമാണ്. ഹൃദയത്തിനു പ്രശ്നമുണ്ട്."
സൗത്ത് ഓസ്‌ട്രേലിയ പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഒരു ഓഫിസർ മാത്രമാണ് തെറ്റ് ചെയ്തത് എന്നാണ് പ്രാഥമിക നിഗമനമെന്നു അസിസ്റ്റന്റ് കമ്മീഷണർ ജോൺ ഡി ക്യാൻഡിയ പറഞ്ഞു.