മെല്‍ബണ്‍: ഷോപ്പിങ് മാളിലുണ്ടായ കത്തിയാക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റതിനു പിന്നാലെ നഗരത്തില്‍ കഠാര വില്‍പ്പന നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയന്‍ സ്റേററ്റ് വിക്റ്റോറിയ. ഈ അപകടകരമായ കത്തികള്‍ നഗരത്തിലെ തെരുവുകളില്‍ നിന്ന് ഇല്ലാതാക്കുന്നതിനായുള്ള നിയമങ്ങള്‍ കൊണ്ടു വരുമെന്ന് വിക്റ്റോറിയ പ്രീമിയര്‍ ജസീന്ത അലന്‍ പറഞ്ഞു. മെല്‍ബണ്‍ മാളിലാണ് ഞായറാഴ്ച ആക്രമണമുണ്ടായത്.
20 വയസുള്ള യുവാവിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കഠാരകളുമായി എത്തിയ എട്ടുപേരാണ് പരസ്പരം മര്‍ദിച്ചതെന്ന് പൊലീസ് പറയുന്നു. 4 പേരെ അറസ്ററ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച മുതല്‍ വിക്റ്റോറിയയില്‍ കഠാര വില്‍പ്പന നിരോധിക്കുമെന്നും അലന്‍ വ്യക്തമാക്കി. അടുക്കള കത്തികള്‍ നിരോധനത്തില്‍ ഉള്‍പ്പെടില്ല. കൈയിലുള്ള കഠാരകള്‍ നശിപ്പിക്കുവാന്‍ മൂന്നു മാസം സമയം നല്‍കും.
അതിനുള്ളില്‍ കഠാരകള്‍ പൊലീസ് സ്റേറഷനുകളില്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പിഴ ഈടാക്കും. രണ്ട് വര്‍ഷം തടവും 47,000 ഓസ്ട്രേലിയന്‍ ഡോളര്‍ പിഴയുമാണ് നിരോധനം ലംഘിച്ചാല്‍ ലഭിക്കുക. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇംഗ്ളണ്ടും വെയില്‍സും കഠാരകള്‍ നിരോധിച്ചിരുന്നു.