New Update
/sathyam/media/media_files/2025/06/22/jhhhfg-2025-06-22-03-16-12.jpg)
കാന്‍ബറ: കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക് ഏര്‍പ്പെടുത്തുന്ന ലോകത്തെ ആദ്യ രാജ്യമാവാന്‍ ഓസ്ട്രേലിയ. 16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ രാജ്യ വ്യാപക വിലക്ക് ഏര്‍പ്പെടുത്താനാണ് ഓസ്ട്രേലിയ ഒരുങ്ങുന്നത്. ഇതിന്‍റെ ആദ്യ പടിയായി പ്രായം കൃത്യമായി കണ്ടെത്തുന്നതിനുള്ള ഒരു ട്രയല്‍ പൂര്‍ത്തിയാക്കി.
ടിക് ടോക്ക്, ഇന്‍സ്ററഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് 16 വയസിന് താഴെയുള്ളവരെ തടയാനുള്ളതാണ് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ പദ്ധതി.
ഇതിന്‍റെ ഭാഗമായി, ആയിരത്തിലധികം സ്കൂള്‍ വിദ്യാര്‍ഥികളെയും നൂറുകണക്കിന് മുതിര്‍ന്നവരെയും ഉള്‍പ്പെടുത്തിയ സമഗ്ര ട്രയല്‍ ഈ മാസം ആദ്യ വാരമാണ് പൂര്‍ത്തിയാക്കി. യുകെ ആസ്ഥാനമായ എന്‍ജിഒ ഏജ് ചെക്ക് സര്‍ട്ടിഫിക്കേഷന്‍ സ്കീം (അഇഇട) ആണ് ഈ ട്രയലിന് മേല്‍നോട്ടം വഹിച്ചത്.
മുഖം സ്കാന്‍ ചെയ്യുന്നതു മുതല്‍ പെരുമാറ്റ വിശകലനം, രക്ഷാകര്‍തൃ നിയന്ത്രണങ്ങള്‍ വരെയുള്ള വിവിധ ഡിജിറ്റല്‍ പ്രായപരിധി പരിശോധിക്കല്‍ ഉപകരണങ്ങള്‍ നിലവിലുള്ള സേവനങ്ങളില്‍ സുഗമമായി സംയോജിപ്പിക്കാന്‍ കഴിയുമെന്ന് ഏജ് അഷ്വറന്‍സ് ടെക്നോളജി ട്രയല്‍ നിഗമനത്തിലെത്തി.
''ഓസ്ട്രേലിയയില്‍ പ്രായപരിധി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കാര്യമായ സാങ്കേതിക തടസ്സമൊന്നുമില്ല'', എസിസിഎസ് സിഇഒ ടോണി അലന്‍ പറഞ്ഞു. ഓണ്‍ലൈന്‍ ബ്രീഫിങ്ങില്‍ സംസാരിച്ച അലന്‍, ഒരു സംവിധാനവും പൂര്‍ണമല്ലെന്ന് സമ്മതിച്ചു. പക്ഷേ, ഓസ്ട്രേലിയയില്‍ സ്വകാര്യമായും കാര്യക്ഷമമായും ഫലപ്രദമായും പ്രായപരിധി ഉറപ്പാക്കാന്‍ കഴിയുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.