മെല്‍ബണ്‍: മെല്‍ബണില്‍ നിന്ന് അബുദാബി സായിദ് അന്തര്‍ദേശീയ വിമാനത്താവളത്തിലേക്കുള്ള യുഎഇയുടെ ഇത്തിഹാദ് എയര്‍വേയ്സിന്‍റെ ഇ.വൈ461 വിമാനത്തിന്‍റെ ടേക്ക് ഓഫ് സാങ്കേതിക കാരണങ്ങളാല്‍ നിര്‍ത്തിവച്ചു. ഞായറാഴ്ച വൈകുന്നേരം 6.41ന് മെല്‍ബണില്‍ നിന്നും പുറപ്പെട്ട് തിങ്കള്‍ പുലര്‍ച്ചെ 1.43ന് അബുദാബിയിലെത്തേണ്ടിയിരുന്ന ബോയിംഗ് 787~9 ഡ്രീംലൈനറിന്‍റെ ടയറുകള്‍ മെല്‍ബണിലെ റണ്‍വേയില്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് പുറപ്പെടല്‍ മാറ്റി വച്ചത്.
മുന്നൂറോളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ വിമാനത്താവളത്തിലെ റണ്‍വേ അടച്ചതിനാല്‍ പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനും കാലതാമസം ഉണ്ടാകും. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ അഗ്നിശമന സേനാ വിഭാഗം അടക്കമുള്ള അത്യാഹിത വിഭാഗങ്ങള്‍ സ്ഥലത്തെത്തി വിമാനത്തിന്‍റെ ലാന്‍ഡിംഗ് ഗിയര്‍ ടയറുകളില്‍ അഗ്നിശമന വാതകം പ്രയോഗിച്ചു.
രണ്ട് ടയറുകള്‍ പൊട്ടിത്തെറിച്ചതായി എയര്‍ലൈന്‍ അറിയിച്ചു. ടേക്ക് ഓഫ് നിരസിച്ചതിനെ തുടര്‍ന്ന് ബ്രേക്ക് ഇടിച്ചതിനാലാണ് ഇത് സംഭവിച്ചത് എന്നും വിമാനത്തിന് തീപിടിച്ചിട്ടില്ലെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാരെയും പരുക്കുകളൊന്നും കൂടാതെ സുരക്ഷിതമായി ഇറക്കി. കഴിയുന്നത്ര വേഗത്തില്‍ യാത്ര തുടരുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് എയര്‍ലൈന്‍ വിശദീകരിച്ചു