മനാമ; മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും വിവിധ സംസ്‌കാരങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും ബഹ്റൈന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍. ബഹ്റൈനിലുള്ള എല്ലാ രാജ്യക്കാര്‍ക്കും നല്‍കുന്ന മതസ്വാതന്ത്ര്യം ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിച്ച് ഇന്ത്യന്‍ കുടുംബങ്ങളുടെ ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്ത് കൊണ്ടാണ് രാജകുമാരന്‍ ഇക്കാര്യം അറിയിച്ചത്.
/sathyam/media/media_files/UH3re3qOsOBhRR5D1e0l.jpg)
ബഹ്റൈനിലെ പ്രമുഖ ഇന്ത്യന്‍ ബിസിനസ് കുടുംബങ്ങളായ മുല്‍ജിമല്‍, കേവല്‍റാം, താക്കര്‍, കവലാനി കുടുംബങ്ങള്‍ ഒരുക്കിയ ദീപാവലി ആഘോഷങ്ങളിലാണ് രാജകുമാരനും മറ്റു പ്രമുഖ രാജകുടുംബാംഗങ്ങളും സംബന്ധിച്ചത്. മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും വിവിധ സംസ്‌കാരങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും ബഹ്റൈന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
/sathyam/media/media_files/rrgeIzkOYGBmmyd1xtKI.jpg)
രാജ്യത്തിന്റെ ദീപാവലി ആഘോഷവും മറ്റ് പല അവസരങ്ങളും ബഹ്റൈന്‍ സമൂഹത്തിലെ വൈവിധ്യം സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നത്. ബഹ്റൈന്‍ സമൂഹത്തില്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ സ്ഥാപിച്ച ദീര്‍ഘകാല ബന്ധങ്ങളെയും രാജ്യത്തിന് അവര്‍ നല്‍കിയ സംഭാവനകളെയും കിരീടാവകാശി അഭിനന്ദിച്ചു. ഈസ ബിന്‍ സല്‍മാന്‍ എജ്യുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനും ലേബര്‍ ഫണ്ട് (തംകീന്‍) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ് ഈസ ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും ഒട്ടേറെ കുടുംബങ്ങളെ സന്ദര്‍ശിച്ചു. ബഹ്റൈനിലെ ആദ്യകാല ഇന്ത്യന്‍ കുടുംബങ്ങളായ ഭാട്ടിയ, ദീപാവലി ആഘോഷങ്ങള്‍ നടത്തുന്ന മറ്റു കുടുംബങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു.