/sathyam/media/media_files/GCMNtdbMcHBXNL54LCUY.jpg)
ബഹ്റൈന്‍: പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി അടക്കമുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും ക്രൂരമായി മര്‍ദിച്ച പോലീസ് നടപടിയില്‍ ഐ.വൈ.സി.സി. ബഹ്റൈന്‍ ശക്തമായി പ്രതിഷേധിച്ചു.
ഭരണപക്ഷ പ്രതിനിധിയായിട്ട് പോലും അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലില്‍ ശരിയായ അന്വേഷണം നടത്താതെ ആരോപണം നേരിടുന്നവരെ സഹായിക്കാനുള്ള നടപടിയുടെ ഭാഗമായാണ് അജിത് കുമാര്‍ ഐ.പി.എസിനു കീഴിലുള്ള ഉദ്യോഗസ്ഥരെ തന്നെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്, ഇത് എ.ഡി.ജി.പിയെ രക്ഷപ്പെടുത്താന്‍ വേണ്ടിയുള്ള നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് ഐ.വൈ.സി.സി. ബഹ്റൈന്‍ കുറ്റപ്പെടുത്തി.
തൃശൂര്‍ പൂരം കലക്കാന്‍ കൂട്ട് നിന്നതും ആര്‍.എസ്.എസ്. നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളു കൂടി ആണ് അജിത് കുമാറെന്ന് ഭരണകക്ഷി എം.എല്‍.എ. തന്നെ വെളിപ്പെടുത്തിയ ഗുരുതര സ്ഥിതിവിശേഷം നിലനില്‍ക്കെയാണ് തല്‍സ്ഥാനത്ത് നിന്ന് ആളെ മാറ്റാതെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നത്.
നീതിപൂര്‍വ്വമായ അന്വേഷണം നടത്തി പ്രതികളെ ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഐ.വൈ.സി.സി. ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.