/sathyam/media/media_files/YVLaAHUAPzcYLsjcrJE6.jpg)
മനാമ: തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും സീമന്ത പുത്രൻ മാധവൻ നായർ എന്ന മധു 1933 സെപ്റ്റംബർ 23 ന് തിരുവനന്തപുരം ഗൗരീശപട്ടത്ത് ജനിച്ചു. മധു എന്ന പേര് തിക്കുറുശ്ശിയുടെ സംഭാവനയാണ്. മലയാള സിനിമയുടെ ശൈശവം മുതൽ ഇപ്പോഴും അഭിനയ രംഗത്ത് സജീവം.
വിദ്യാർത്ഥിയായിരിക്കെ നാടകങ്ങളിൽ അഭിനയിച്ചു പ്രതിഭ തെളിയിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി നാഗർകോവിലിലെ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി.
രാമു കാര്യാട്ടുമായുള്ള പരിചയം ജീവിത വഴിത്തിരിവായി. കാര്യാടിന്റെ "മൂടുപടം" എന്ന ചിത്രത്തിൽ ആദ്യം അഭിനയിച്ചെങ്കിലും പുറത്തിറങ്ങിയ ചിത്രം 'നിണമണിഞ്ഞ കാൽ പ്പാടുകൾ'.
സത്യനും, നസീറും നിറഞ്ഞു നിന്നിരുന്ന കാലത്താണ് സിനിമയിൽ രംഗപ്രവേശം നടത്തിയതെങ്കിലും അധികം വൈകാതെ സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ ഒരു സിംഹാസനം നേടിയെടുക്കാൻ മധുവിന് സാധിച്ചു.
ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവർന്നു. തകഴിയുടെ "ചെമ്മീൻ"സിനിമയാക്കിയപ്പോൾ "മാനസമൈനേ വരൂ , മധുരം നുള്ളിത്തരൂ " എന്ന വിഷാദഗാനം പാടി നടക്കുന്ന പരീക്കുട്ടി എന്ന നിരാശ കാമുകനെ മലയാളിക്ക് ഒരിക്കലും മറക്കാനാവില്ലല്ലോ. ആ കഥാപാത്രത്തെ മധു അനശ്വരമാക്കി.
പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ നായക വേഷത്തിൽ മധു തിളങ്ങി. ഭാർഗവീ നിലയം, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേധം, തുലാഭാരം, ആഭിജാത്യം, തെക്കൻ കാറ്റ്, പൊന്നി, സ്വയംവരം, ഉമ്മാച്ചു, തീക്കനൽ തുടങ്ങിയ ചിത്രങ്ങളിലുടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മധു തിളങ്ങി.
അഭിനയമികവ് ഹിന്ദിയിലേക്കും തമിഴിലേക്കും വ്യാപിച്ചു. സിനിമക്ക് പുറമെ ടെലിവിഷൻ പരമ്പരകളിലും മധു നിറഞ്ഞുനിന്നു. സംവിധായകൻ, നിർമാതാവ്, സ്റ്റുഡിയോ ഉടമ, സ്കൂൾ ഉടമ, കർഷകൻ തുടങ്ങിയ മേഖലകളിലും അറിയപ്പെട്ടു. തിരുവനന്തപുരത്ത് ഉമാ സ്റ്റുഡിയോ അദ്ദേഹം സ്ഥാപിച്ചു.
1970 ൽ പുറത്തിറങ്ങിയ പ്രിയ എന്ന ആദ്യ സിനിമ ഉൾപ്പെടെ 14 ചിത്രങ്ങൾ സംവിധാനം ചെയ്തു. മാന്യശ്രീ വിശ്വാമിത്രൻ, സംരംഭം തുടങ്ങിയ ചിത്രങ്ങൾ മധു നിർമ്മിച്ചു.
പരേതയായ ജയലക്ഷ്മിയാണ് ഭാര്യ. ഏക മകൾ ഉമ. സംസ്ഥാന സർക്കാർ അവാർഡ്, ജെ സി ഡാനിയൽ അവാർഡ്, പത്മശ്രീ പുരസ്‌കാരം എന്നിവ മധുവിനെ തേടിയെത്തി. അഭിനയത്തിന്റെ ഔന്നിത്യത്തിൽ 91 ന്റെ നിറവിൽ എത്തിയ അതുല്ല്യ നടന് ബി കെ എസ് എഫ് കൂട്ടായ്മയുടെ ജന്മദിനാശംസകൾ.