/sathyam/media/media_files/lKqbAQ2e0lTKzy0uAMhZ.webp)
ബഹ്റൈൻ: ബഹ്റൈനിലെത്തിയ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഗംഭീര സ്വീകരണം. ബഹ്റൈനിലെ ശ്രീനാരായണീയ പ്രസ്ഥാനങ്ങളായ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി, ഗുരുദേവ സോഷ്യൽ സൊസൈറ്റി, ബഹ്റൈൻ ബില്ലവാസ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ 169ആം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായാണ് മുൻ രാഷ്ട്രപതി ബഹ്റൈനിലെത്തിയത്. 7, 8, 9 എന്നീ ദിവസങ്ങളിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കും.
സെപ്റ്റംബർ 7 വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക് റാഡിസൺ ബ്ലൂ ഹൊട്ടലിൽ വെച്ച് ക്ഷണിക്കപ്പെട്ട അതിഥികൾക്കൊപ്പം നടക്കുന്ന അത്താഴ വിരുന്നിൽ മുൻ രാഷ്ട്രപതി പങ്കെടുക്കും. സെപ്റ്റംബർ 8 വെള്ളിയാഴ്ച്ച വൈകിട്ട് 6:30 മുതൽ ഇസാ ടൗണിലെ ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കുന്ന “ട്രിബ്യൂട്ട് ടു ബഹ്റൈൻ” എന്ന പൊതുപരിപാടിയിൽ മുൻ രാഷ്ട്രപതിക്കൊപ്പം കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, വ്യവസായ പ്രമുഖനും, ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫ് അലി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ചടങ്ങിൽ ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ ശുഭകാനന്ദ സ്വാമി തുടങ്ങിയവർ ആശംസകൾ നേരും.
പ്രശസ്ത സിനിമാ താരം നവ്യാ നായരുടെ നൃത്തവും മറ്റ് കലാപരിപാടികളും ഇവിടെ അരങ്ങേറും. സെപ്റ്റംബർ 9 ന് രാവിലെ പത്തു മണി മുതൽ ഇന്ത്യൻ സ്ക്കൂളിൽ വച്ച് നടക്കുന്ന “കുട്ടികളുടെ പാർലമെൻറ്” ആണ് മുൻ രാഷ്ട്രപതിയുടെ മറ്റൊരു പ്രധാന പരിപാടി. “സംസ്കാരങ്ങളുടെ സംഗമം, മാനവ മൈത്രിക്ക് “ എന്ന വിഷയം ഇവിടെ ചർച്ച ചെയും.