കെഎംസിസി ബഹ്‌റൈൻ: സിഎച്ച് മുഹമ്മദ് കോയ സ്മാരക അവാർഡ് പ്രഖ്യാപനവും അനുസ്മരണ സമ്മേളനവും നാളെ

New Update
hasim chembra

മനാമ: കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സിഎച്ച് മുഹമ്മദ്‌ കോയ അനുസ്മരണ സമ്മേളനം നാളെ വൈകുന്നേരം 8 മണിക്ക് മനാമ കെഎംസിസി ഹാളിൽ  നടക്കും. 

Advertisment

യുവ പ്രസംഗികൻ ഹസീം ചെമ്പ്ര മുഖ്യാഥിതി ആയിരിക്കുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ സമ്മേളനം ഉത്ഘാടനവും അവാർഡ് പ്രഖ്യാപനവും നടത്തും. സംസ്ഥാന കേരള ജംഇയത്തുൽ ഉലമ നേതാവ് ഉസ്താദ് അഹ്മദ്‌ ബാഖവി അരൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകും. 

സിഎച്ചിന്‍റെ പേരിൽ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ഒന്നാമത് അവാർഡ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന സുബൈർ ഹുദവിക്കാണ് ലഭിച്ചത്. സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രഗത്ഭനെയാണ് രണ്ടാമത് അവാർഡ് ജേതാവായി ജൂറി കണ്ടെത്തുക. 

കൂടാതെ കഴിഞ്ഞ സിഎച്ച് സെന്റർ ദിനത്തിൽ മികച്ച പ്രവർത്തനം നടത്തിയ മണ്ഡല കമ്മറ്റികളെയും ഖായിദേ മില്ലത്ത് സെന്ററിന് വേണ്ടിയുള്ള കളക്ഷൻ ക്യാമ്പയിനിൽ ഏറ്റവും നല്ല പ്രവർത്തനങ്ങൾ നടത്തിയ മണ്ഡലം കമ്മിറ്റികളെയും പരിപാടിയിൽ ആദരിക്കും. 

കെഎംസിസി പ്രവർത്തകർക്കിടയിലുള്ള എഴുത്തുകാർക്ക് പ്രോത്സാഹനം നൽകുന്നതിന് വേണ്ടി ജില്ലാ കമ്മിറ്റി പുറത്തിറക്കാൻ പോകുന്ന വെബ്സിൻ മരുപ്പച്ചയുടെ കവർ പേജ് പ്രകാശനം പരിപാടിയിൽ വെച്ച് കെഎംസിസി സംസ്ഥാന പ്രസിഡന്റ് റസാഖ് മൂഴിക്കൽ പ്രകാശനം ചെയ്യും.

പരിപാടിയിൽ പങ്കെടുക്കാനും വിജയിപ്പിക്കാനും കെഎംസിസി ബഹ്‌റൈൻ ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളിയും ആക്ടിങ് ജനറൽ സെക്രെട്ടറി മുനീർ ഒഞ്ചിയവും അഭ്യർത്ഥിച്ചു.

Advertisment