പാലസ്തീനിൽ നടന്നത് വംശഹത്യയും അധിനിവേശവും - ബെന്നി ബഹന്നാൻ എംപി

New Update
oicc bahrain benny bahanan

മനാമ: പാലസ്തീനിൽ നടന്നത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമല്ല, വംശഹത്യയും അധിനിവേശവും ആയിരുന്നുവെന്ന് ബെന്നി ബഹനാന്‍ എംപി. ഒഐസിസിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബെന്നി ബഹന്നാൻ.

Advertisment

എല്ലാ കാലഘട്ടത്തിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നിലപാട് വംശഹത്യക്കും അധിനിവേശത്തിനും എതിരായിരുന്നു. അതുകൊണ്ട് നമ്മൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത് നമ്മുടെ പാരമ്പര്യത്തിൽ നിന്നുകൊണ്ട്, നമ്മുടെ കാഴ്ചപ്പാടിൽ നിന്ന് ഉടലെടുക്കുന്ന ഒരു വികാരമാണ് പാലസ്തീന് പിന്തുണ കൊടുക്കുന്നത്. 

ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രസ്താവന ഇന്ത്യൻ ജനത ഇസ്രയേലിനൊപ്പം എന്ന്. ഭരണാധികാരി എന്ന നിലയിലോ, ഇന്ത്യാ ഗവണ്മെന്റിന്റെ തലവൻ എന്ന നിലയിലോ ഇന്ത്യയുടെ പിന്തുണ പറയുവാൻ അധികാരം ഉണ്ട്. 

ചരിത്രം പരിശോധിച്ചാൽ എല്ലാ കാലത്തും ഇന്ത്യയിലെ ബഹു ഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനത ഐക്യദാർഢ്യം പ്രകടിപ്പിച്ചത്, പിന്തുണ കൊടുത്തത്, ഒപ്പം നിന്നത് പാലസ്തീൻ ജനതയോടൊപ്പം ആണെങ്കിൽ, ഒരു സുപ്രഭാതത്തിൽ ഇന്ത്യൻ ജനത യിസ്രായേലിനൊപ്പം എന്ന് പറഞ്ഞപ്പോൾ നമ്മുടെ ഉള്ളിൽ പ്രയാസവും, ഞെട്ടലും ഉണ്ടായി. 

ഒരു രാജ്യം കാത്തുപുലർത്തിയിയുന്ന മൂല്യങ്ങളെ തകർക്കുന്ന ഒരു ഭരണാധികാരിയായി നമ്മുടെ പ്രധാനമന്ത്രി മാറി. എല്ലാ മേഖലയിലും നമ്മുടെ രാജ്യം പിന്നോട്ട് പോകുന്നു. നമ്മുടെ രാജ്യം നേരിടുന്ന വെല്ലുവിളി ആര് ഇന്ത്യയെ നയിക്കുന്നു എന്നതല്ല. ഏത് വഴിക്കാണ് ഇന്ത്യയെ നയിക്കുന്നത് എന്നതാണ് പ്രധാനം. 

നമ്മുടെ നേതാക്കന്മാർ തെരഞ്ഞെടുത്ത വഴി മതേതരത്വത്തിന്റെ വഴി ആയിരുന്നു. വൈവിദ്ധ്യങ്ങൾ കൊണ്ട് സമൃദ്ധമായിരുന്നു നമ്മുടെ നാട്. വ്യത്യസ്തമായ ആചാരങ്ങൾ, വ്യത്യസ്തമായ മതങ്ങൾ, വ്യത്യസ്തമായ വിശ്വാസപ്രമാണങ്ങൾ, വ്യത്യസ്തമായ ഭാഷകൾ, വ്യത്യസ്തമായ ചിന്തകൾ, വ്യത്യസ്തമായ ഭക്ഷണ രീതി, വ്യത്യസ്തമായ വസ്ത്രധാരണം. 

വൈവിദ്ധ്യം ഇന്ത്യയുടെ ദൗർബല്യം അല്ല. വൈവിദ്ധ്യം ഇന്ത്യയുടെ സൗന്ദര്യം ആണെന്ന് നമ്മുടെ നേതാക്കന്മാർ കരുതി. ആ വൈവിദ്ധ്യങ്ങളെ കോർത്തിണക്കി മുന്നോട്ടു കൊണ്ടുപോകാൻ തെരഞ്ഞെടുത്ത മാർഗമാണ് ജനാധിപത്യം. 

വൈവിദ്ധ്യത്തിന്റെ സമന്യയമാണ് ജനാധിപത്യം എന്നും, അതാണ് മാനവ സംസ്കാരത്തിന്റെ മഹാ മകുടം എന്നതും ലോകത്തെ പഠിപ്പിച്ച പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്നും ബെന്നി ബഹന്നാൻ എംപി അഭിപ്രായപെട്ടു. 

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി, ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ജൈഫർ മദനി, ഒഐസിസി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡന്റ്‌ ലത്തീഫ് ആയംചേരി, കെ എം സി സി വൈസ് പ്രസിഡന്റ്‌ ഗഫൂർ കൈപ്പമംഗലം, ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, ഒഐസിസി സെക്രട്ടറി മനു മാത്യു എന്നിവർ പ്രസംഗിച്ചു. 

ഒഐസിസി നേതാക്കളായ റംഷാദ് അയിലക്കാട്, ഷാജി സാമൂവൽ, മോഹൻ കുമാർ നൂറനാട്, നിസ്സാം തൊടിയൂർ, സുനിൽ ചെറിയാൻ, ഷമീം കെ സി, ജാലിസ് കെ കെ, സൽമാനുൽ ഫാരിസ് ജലീൽ മുല്ലപ്പള്ളി, സിജു ആനിക്കാട്, അലക്സ്‌ മഠത്തിൽ, ജോജി ജോസഫ് കൊട്ടിയം, സന്തോഷ്‌ കുമാർ, ഷാജി പൊഴിയൂർ, വില്യം ജോൺ, ബൈജു ചെന്നിത്തല, ഷിബു ബഷീർ, അൻസൽ കൊച്ചൂടി, രഞ്ജിത്ത് പടവൻ, ശ്രീജിത്ത്‌ പാനായി, പ്രദീപ്‌ പി. കെ, ജോണി താമരശ്ശേരി, സുരേഷ് പുണ്ടൂർ, വിനോദ് ദാനിയേൽ, മുനീർ യൂ, സാമൂവൽ മാത്യു, ഷീജ നടരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment