/sathyam/media/media_files/2025/02/05/bUNveIWlQ6DcjKiXe6tJ.jpg)
മനാമ: രാജ്യസ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സ്നേഹകരങ്ങൾ കോർത്ത് ബഹ്റൈൻ എസ് കെ എസ് എസ് എഫ് മനുഷ്യജാലിക സംഘടിപ്പിച്ചു. ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി "രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിൻ്റെ കരുതൽ" എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് രാജ്യത്തിനകത്തും പുറത്തുമായി സംഘടിപ്പിച്ചു വരുന്ന മനുഷ്യജാലികയുടെ ഭാഗമായാണ് ബഹ്റൈൻ എസ് കെ എസ് എസ് എഫ് മനുഷ്യജാലിക സംഘടിപ്പിച്ചത്.
എസ് കെ എസ് എസ് എഫ് ബഹ്റൈൻ മനുഷ്യജാലിക സ്വാഗത സംഘം ചെയർമാൻ അശ്റഫ് അൻവരി ചേലക്കര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സമസ്ത ബഹ്റൈൻ പ്രസിഡണ്ട് ഫക്റുദ്ധീൻ സയ്യിദ് പൂക്കോയ തങ്ങൾ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് സയ്യിദ് ഫക്റുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയും ചെയ്തു.
ഇന്ത്യാ രാജ്യം ലോകത്തിന് മാതൃകയാണന്നും, മതങ്ങളിലും, ജാതികളിലും, സംസ്കാരങ്ങളിലും, ചരിത്രങ്ങളിലും ഇന്ത്യ ഒന്നാമതായി നിലകൊള്ളുന്നുവെന്നും, ആ രാജ്യത്തിന് വേണ്ടി കൂട്ടായി പ്രവത്തിക്കാൻ നമുക്ക് സാധിക്കണമെന്നും ഉദ്ഘാടന ഭാഷണ മധ്യേ സയ്യിദ് ഫക്റുദ്ധീൻ തങ്ങൾ സദസ്സിനെ ഉണർത്തി.
കലുഷിതമായ ഇന്ത്യയ്ക്ക് സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും വലിയ സന്ദേശങ്ങൾ കൈമാറുന്ന പ്രൗഢമായ സദസ്സാണ് മനുഷ്യജാലിക. സൗഹൃദത്തിൻ്റെ കരുതലിൽ മുന്നോട്ട് പോകണമെന്നാണ് പൂർവ്വസൂരികൾ നമ്മളോട് പറഞ്ഞതും പഠിപ്പിച്ചതും ചെയ്യണമെന്നാവശ്യപ്പെട്ടതും. പ്രവാചകൻ മുഹമ്മദ് നബി (സ്വ) യും ഖുർആനും ലോകത്തിന് നൽകിയിട്ടുള്ള സന്ദേശവും അത് തന്നെയാണ്.
സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും കരുതലാണ് ഇസ്‌ലാമടക്കമുള്ള എല്ലാ മതങ്ങളും ലോകത്തിന് വിളംബരം ചെയ്തിട്ടുള്ളത്. ഒരു പാട് പ്രതിസന്ധികളും പ്രയാസങ്ങളും അലട്ടുമ്പോഴും മഹത്തായ പ്രതീകം ഉയർത്തി പിടിക്കുന്ന മനോഹരമായ ഒരു ഭരണഘടന നമ്മുടെ രാജ്യത്ത് ഉണ്ട് എന്നതാണ് നമ്മുടെ പ്രതീക്ഷ.
ആ അന്തസത്തയുള്ള ഭരണഘടനയെ നിലനിർത്തികൊണ്ട് രാജ്യം മുന്നോട്ട് പോകുമ്പോൾ അഭിമാനകമമായ അസ്തിത്വം നമ്മുടെ രാജ്യത്തിന് ഉണ്ടാക്കാൻ സാധിക്കും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്നും മുഖ്യപ്രഭാഷണത്തിൽ സയ്യിദ് ഫക്റുദ്ധീൻ ഹസനി തങ്ങൾ സദസ്സിനെ ഉത്ബോധിപ്പിച്ചു.
സംഗമത്തിൽ മുഖ്യാതിഥിയായി സി എസ് ഐ ബഹ്റൈൻ സൗത്ത് കേരള ഭദ്രാസനം വികാരി റവറൻ്റ് ഫാദർ അനൂപ് സാം പങ്കെടുത്തു. മനുഷ്യൻ മനുഷ്യനെ അറിയുക എന്നതാണ് ഈ കാലഘട്ടത്തിൻ്റെ ഏറ്റവും വലിയ ദൗത്യം. ആ മുദ്രാവാക്യം ഉയർത്തി പിടിച്ചാണ് എസ് കെ എസ് എസ് എഫ് പ്രവർത്തിക്കുന്നതെന്നും മനുഷ്യജാലിക പോലുള്ള സൗഹൃദ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതെന്നും ആ ദൗത്യത്തിലൂന്നി മുന്നോട്ടു പോകാൻ തുടർന്നും നമുക്ക് സാധിക്കട്ടെ എന്നും ഫാദർ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.
എസ് കെ എസ് എസ് എഫ് ബഹ്റൈൻ വൈസ് പ്രസിഡണ്ട് സജീർ പന്തക്കൽ പ്രതിജ്ഞ ചൊല്ലുകയും, ഫാസിൽ വാഫി, മുഹമ്മദ് ജസീർ, മുഹമ്മദ് നിഷാദ് എന്നിവർ ചേർന്ന് ദേശീയോദ്ഗ്രഥന ഗാനം ആലപിക്കുകയും ചെയ്തു.
ഐ സി ആർ എഫ് മുൻ ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജപാണ്ഡ്യൻ, സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, ബഹ്റൈൻ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ട് സയ്യിദ് യാസർ ജിഫ്രി തങ്ങൾ, ഒ ഐ സി സി ഗ്ലോബൽ പ്രസിഡണ്ട് ബിനു കുന്നന്താനം, പ്രതിഭ ബഹ്റൈൻ പ്രസിഡണ്ട് ബിനു മണ്ണിൽ, എം സി എം എ പ്രസിഡണ്ട് സലാം മമ്പാട്ടുമൂല, സാമൂഹ്യ പ്രവർത്തകരായ അനസ് കായംകുളം, സയ്യിദ് അലി,മുൻഷിർ, റഷീദ് മാഹി,അൻവർ നിലമ്പൂർ, തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ മുഹമ്മദ് ഫൈസൽ, സാമൂഹ്യ പ്രവർത്തകരായ എബ്രഹാം ജോൺ, കെ ടി സലീം, അബ്ദുൽ റഹ്‌മാൻ അസീൽ, ലത്തീഫ് ആയംചേരി ( ഒഐസിസി ട്രഷറർ ) ജവാദ് വക്കം, നസിം തൊടിയൂർ ( ഒഐസിസി വൈസ് പ്രസിഡന്റ് ) ഫാസിൽ വട്ടോളി,
സമസ്ത ബഹ്റൈൻ കേന്ദ്രഭാരവാഹികളായ മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ, ഹാഫിള് ശറഫുദ്ധീൻ മൗലവി, ഹംസ അൻവരി മോളൂർ, കെ എം എസ് മൗലവി, നൗഷാദ് എസ് കെ, അബ്ദുൽ മജീദ് ചോലക്കോട്, ബഹ്റൈൻ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ബഷീർ ദാരിമി, മറ്റു ഉസ്താദുമാർ
സമസ്ത ബഹ്റൈൻ വിവിധ ഏരിയാ ഭാരവാഹികൾ, സമസ്തയുടെയും എസ് കെ എസ് എസ് എഫ് ഏരിയാ പ്രവർത്തകർ ഒഴുകിയെത്തിയ മതേതര വിശ്വാസികൾ മറ്റ് പ്രസ്ഥാന ബന്ധുക്കളും പങ്കെടുത്തു.
എസ് കെ എസ് എസ് എഫ് ബഹ്റൈൻ ഏരിയാ കൺവീനർമാരും വിഖായ അംഗങ്ങളും ചേർന്ന് സംഗമത്തിന് നേതൃത്വം നൽകി. എസ് കെ എസ് എസ് എഫ് ജനറൽ സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് മോനു നന്ദിയും പറഞ്ഞു.