/sathyam/media/post_attachments/onoVkyLmrO4o7HfreewC.jpg)
മനാമ: സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി ബഹ്‌റൈൻ. ഇതിന്റെ ഭാഗമായി പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസ് 10 ശതമാനമോ അതിൽ കൂടുതലോ ആയി വർധിപ്പിക്കാനാണ് നീക്കം.
ഇതുമായി ബന്ധപ്പെട്ട നിർദേശം ധനകാര്യമന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫയുടെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ പ്രതിനിധി സംഘം പാർലമെന്റ്, ശൂറ അംഗങ്ങൾക്ക് മുന്നിൽവെച്ചു.
2025 ജനുവരി ഒന്നിന് മാറ്റം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് നീക്കം. മൂന്ന് നിർദേശങ്ങളാണ് സമിതി അവതരിപ്പിച്ചിരിക്കുന്നത്.
ആദ്യത്തെ നിർദേശമനുസരിച്ച് തൊഴിലാളിയുടെ പെർമിറ്റ് നൽകുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് നൂറിൽ നിന്ന് 200 ആയി വർധിപ്പിക്കും.
ആരോഗ്യ സംരക്ഷണത്തിന് 144 ദിനാറാക്കുകയും ചെയ്യും. കൂടാതെ അഞ്ച് വരെ തൊഴിലാളികളുള്ള ബിസിനസിന് പ്രതിമാസ ഫീസ് 10 ദിനാറാക്കുകയും തൊഴിലാളികളുള്ള ബിസിനസുകൾക്ക് 10 ദീനാർ വീതമെന്നത് 20 ആയും വർധിപ്പിക്കും.
രണ്ടാമത്തെ നിർദേശത്തിൽ തൊഴിലാളിയുടെ പെർമിറ്റ് നൽകുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് 10 ശതമാനം വർധിപ്പിച്ച് 110 ദിനാർ ആക്കും. ആരോഗ്യ സംരക്ഷണ ഫീസ് 10 ശതമാനം മുതൽ 80 ദിനാർ വരെയും വർധിപ്പിക്കും. കൂടാതെ അഞ്ച് വരെ തൊഴിലാളികളുള്ള ബിസിനസിന് 10 ദിനാറായും അഞ്ചിലധികം തൊഴിലാളികളുണ്ടെങ്കിൽ 20 ദിനാറായും പ്രതിമാസ ഫീസ് വർധിപ്പിക്കും.
മൂന്നാമത്തെ നിർദേശത്തിൽ പെർമിറ്റ് നൽകുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് 970 ദിനാറാണ്. ആരോഗ്യ പരിരക്ഷ 144 ദിനാറായും അഞ്ച് വരെ തൊഴിലാളികളുള്ള ബിസിനസിന് പ്രതിമാസ ഫീസ് 50 ദിനാറായും അഞ്ചിലധികം തൊഴിലാളികളുണ്ടെങ്കിൽ 80 ദിനാറായും വർധിപ്പിക്കാനാണ് ശിപാർശ ചെയ്തിരിക്കുന്നത്