മനാമ: പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ജന്മദിനത്തിന്റെ ഭാഗമായി 'മുഹമ്മദ് നബി (സ) മാനവികതയുടെ മാർഗ്ഗദർശി ' എന്ന പ്രമേയത്തിൽ കർണാടക കൾച്ചറൽ ഫൗണ്ടേഷൻ (കെ സി എഫ്) ബഹ്‌റൈൻ കമ്മറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം നാളെ (വെള്ളിയാഴ്ച) വൈകുന്നേരം 7.30 മുതൽ മനാമയിലെ കന്നഡഭവൻ ഓഡിറ്റോറിയത്തിൽ നടക്കും.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രഗത്ഭ വ്യക്തിത്വങ്ങൾ പ്രവാചകരുടെ മാനവിക ദർശനങ്ങളുടെ വർത്തമാന പ്രസക്തികളെ കുറിച്ച് സംസാരിക്കും. ദക്ഷിണേന്ത്യയിൽ അറിയപെട്ട പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ മുഖ്യ പ്രഭാഷണം നടത്തുന്ന സമ്മേളനത്തിൽ ഏനപ്പോയ ഡീമിഡ് യൂണിവേഴ്സറ്റി മാംഗ്ലൂർ ചാൻസിലർ ഡോക്ടർ ഏനപ്പോയ അബ്ദുള്ള കുഞ്ഞി ഹാജി മുഖ്യാതിഥിയായി പങ്കെടുക്കും.
അൽ ഹിലാൽ ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ എം ഡി അബ്ദുൽ ലത്തീഫ്, സ്റ്റേറ്റ് അലൈഡ് & ഹെൽത്ത് കെയർ ചെയർമാൻ ഡോക്ടർ ഇഫ്തികാർ ഫരീദ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഫാമിലി സഹിതം മീലാദ് സമ്മേളനം വീക്ഷിക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കെ സി എഫ്, ഐ സി എഫ്, ആർ എസ് സി, തുടങ്ങി വിവിധ സംഘടന സ്ഥാപന കമ്മിറ്റി നേതാക്കളും പ്രവർത്തകരും പരിപാടിയിൽ അണിനിരക്കും.
63 ദിവസം നീണ്ടുനിൽക്കുന്ന മീലാദ് ക്യാമ്പയിൻ ഭാഗമായി മൗലിദ് ജൽസ, സ്നേഹ സംഗമം, ഫ്ലാറ്റ് മൗലിദ്, പുസ്തക പരിചയം, ഇശൽ വിരുന്ന് തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും.
വർഷങ്ങളായി പ്രവാസലോകത്ത് വ്യവസ്ഥാപിതമായ സംഘടനാ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ കെ സി എഫ് വിദ്യാഭ്യാസ ജീവ കാരുണ്യ മേഖലകളിലും സജീവമാണ്. ഇഹ്സാൻ പദ്ധതിയുടെ പദ്ധതിയുടെ ഭാഗമായി നിരവധി നിർധനരായ വിദ്യാർഥികൾക്ക് പഠനാവസരങ്ങൾ ഒരുക്കുകയും മികച്ച കരിയർ കെട്ടിപ്പടുക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്ത് വരികയും ചെയ്യുന്നുണ്ട്.
'ദാറുൽ അമാന ' ഭവന നിർമാണ പദ്ധതിയിലൂടെ ധാരാളം കുടുബങ്ങൾക്ക് വീടുകൾ നിർമിച്ചു നൽകുകയും ചെയ്തിട്ടുണ്ട്. ഖുർആൻ പഠന ക്ലാസുകൾ , ആത്മീയ മജ്ലിസുകൾ , വിജ്ഞന വേദികൾ, വിശിഷ്ട ദിനങ്ങളിലെ പ്രത്യേക സംഗമങ്ങൾ തുടങ്ങിയവ കെ സി എഫിന്റെ സ്ഥിരം പ്രോഗ്രാമുകളാണ്.
അന്താരാഷ്ട്ര മീലാദ് സമ്മേളനവുമായി ബന്ധപ്പെട്ട് മനാമ കെ സി എഫ് സെൻററിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിൽ ഹാരിസ് സാമ്പ്യ, ജമാലുദ്ദീൻ വിട്ടൽ, തൗഫീഖ്, ശിഹാബ് പരപ്പ, അഷ്റഫ് കിനിയ, മജീദ് പൈമ്പച്ചാൽ, ഇഖ്ബാൽ മഞ്ഞനാടി, ഹനീഫ് മുസ്ലിയാർ, ലത്തീഫ് പേരോളി എന്നിവർ പങ്കെടുത്തു.