/sathyam/media/media_files/img-20240917-wa0000.jpg)
മനാമ: ഓണാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ നൂറിൽ പരം വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിര അരങ്ങേറി. സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടികൾക്ക് വനിതാ വിഭാഗം പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി ജയാ രവി എന്നിവർ നേതൃത്വം നൽകി.
ശനിയാഴ്ച സമാജം ഡി. ജെ. ഹാളിൽ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷി നിറുത്തി അവതരിപ്പിച്ച പരിപാടി വലിയ കരഘോഷങ്ങളോടെയാണ് കാണികൾ സ്വീകരിച്ചത്. തിരാവാതിരകളി അവതരണത്തിന് മുൻപായി തിരുവാതിരയുടെ ചരിത്രവും പ്രാധാന്യവും പങ്കുവെക്കുന്ന ലഘു അവതരണവും നൃത്തങ്ങളും അരങ്ങേറി.
അൻപതോളം കുട്ടികൾ ഇതിന്റെ ഭാഗമായി. കേരള ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌കുമാർ, പത്നി ബിന്ദു എന്നിവരും പരിപാടിയുടെ പ്രേക്ഷകരായി സദസ്സിൽ ഉണ്ടായിരുന്നു.
രമ്യ ബിനോജ് കലാക്ഷേത്രയുടെ കീഴിൽ കഴിഞ്ഞ രണ്ടു മാസത്തോളമായുള്ള ചിട്ടയായ പരിശീലനത്തിനൊടുവിലിയാണ് തിരുവാതിരക്കളി വേദിയിൽ അവതരിപ്പിക്കപ്പെട്ടത്. മേഘ തിരുവാതിരക്കളി അരങ്ങളിലെത്തിച്ച വനിതാവേദി പ്രവർത്തകരെയും നൃത്തത്തിൽ പങ്കെടുത്തവരെയും സമാജം പ്രസിഡന്റ് പി വി രാധാകൃണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം 24 കൺവീനർ വർഗീസ് ജോർജ് എന്നിവർ അഭിനന്ദിച്ചു.
തിരുവോണദിനത്തിൽ താമരശ്ശേരി ചുരം ബാൻഡിന്റെ സംഗീത പരിപാടി സമാജം ഡി. ജെ. ഹാളിൽ നടന്നു. യുവാക്കളുടെ ഹരമായ താമരശ്ശേരി ചുരം ബാൻഡിന്റെ പതിനഞ്ചോളം കലാകാരന്മാരാണ് പരിപാടിയുടെ അവതരിപ്പിച്ചത്.