മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ- പി സി ഡബ്ല്യു എഫ് ബഹ്‌റൈൻ കലാവേദി സംഘടിപ്പിച്ച ഓണോത്സവം 2024 പൊതുപരിപാടി ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പി സി ഡബ്ല്യു എഫ് ഒരുക്കുന്ന സ്ത്രീധന രഹിത വിവാഹ സംഗമത്തിലൂടെ സ്ത്രീകളുടെ മൂല്യം ഉയർത്തുന്നുവെന്ന് ഐമാക്, ബിഎംസി മാനേജിങ് ഡയറക്ടർ കൂടിയായ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.
2025 ജനുവരി 4,5 തീയതികളിൽ പി.സി.ഡബ്ല്യു.എഫ് പൊന്നാനിയിൽ നടത്താനിരിക്കുന്ന സ്ത്രീധന വിമുക്ത താലൂക്ക് എന്ന ലക്ഷ്യത്തിൽ സ്ത്രീധന രഹിത വിവാഹ സംഗമം മാതൃകാപരമായ പ്രവർത്തനമാണെന്നും പ്രവാസി സമൂഹവും യുവ തലമുറയും സ്ത്രീധനം എന്ന വിപത്തിനെതിരെ ചിന്തിക്കണമെന്നും സിനിമാ താരം പ്രകാശ് വടകര പറഞ്ഞു.
പി.സി.ഡബ്ല്യു.എഫ് പ്രസിഡണ്ട് മുഹമ്മദ് മാറഞ്ചേരി അധ്യക്ഷത വഹിച്ച പൊതുപരിപാടിയിൽ പ്രോഗ്രാം ചെയർമാൻ ഷിഹാബ് വെളിയങ്കോട് സ്വാഗതം പറഞ്ഞു.
പ്രശസ്ത സിനിമാ താരം ജയ മേനോൻ മുഖ്യാതിഥി ആയിരുന്നു. ഈ കാലഘട്ടത്തിൽ അനിവാര്യമായ ഒന്നാണ് ഓണാഘോഷം പോലുള്ള പരിപാടികളെന്ന് ജയ മേനോൻ പറഞ്ഞു.
പി സി ഡബ്ല്യു എഫ് ജനകീയ വിഷയങ്ങളിലും, കലാകായിക രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്നതിനെ പ്രത്യേകം അഭിനന്ദിച്ചു കൊണ്ട് ലൈറ്റ്സ് ഓഫ് കൈൻഡ് സ്ഥാപകൻ സെയ്ത് ഹനീഫ, റസാഖ് ബാബു വല്ലപ്പുഴ എന്നിവർ ആശംസകൾ നേർന്നു.
സല്ലാഖ് ബഹ്‌റൈൻ ബീച്ച് ബേ റിസോർട്ടിൽ ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ ഒരുക്കിയിരുന്നു. പൂക്കള മത്സരം, ഓണപ്പാട്ട്, ഗ്രൂപ്പ് ഡാൻസ്, സോളോ ഡാൻസ്, സഹൃദയ നാടൻ പാട്ട്, കോൽക്കളി, കുട്ടികൾക്കുള്ള മത്സരങ്ങൾ എന്നിവക്ക് പ്രോഗ്രാം കൺവീനർ ഹസൻ വിഎം മുഹമ്മദ്, ട്രഷറർ പിടി അബ്ദുറഹ്മാൻ, ജസ്‌നി സെയ്ത്, ലൈല റഹ്മാൻ , സിത്താര നബീൽ, സ്നേഹ ശ്രീജിത്ത്, ധന്യ പ്രജോഷ് എന്നിവർ നേതൃത്വം നൽകി .
വടംവലി, ഷൂട്ടൗട്ട്, ഉറിയടി, നീന്തൽ മത്സരം എന്നിവക്ക് ഷമീർ ലുലു, അൻവർ, വിഎം ഷറഫ്, നബീൽ, മുസ്തഫ, റയാൻ സെയ്ത് എന്നിവർ നിയന്ത്രിച്ചു.
ഓൺലൈനിൽ നടത്തിയ ഓണപ്പാട്ട്, നാടൻ പാട്ട്, മലയാളി മങ്ക, ക്യൂട്ട് ബേബി , മലയാളി കപ്പിൾസ് എന്നീ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ മുഖ്യ രക്ഷാധികാരി ബാലൻ കണ്ടനകം, ജനറൽ സെക്രട്ടറി ഷഫീഖ് പാലപ്പെട്ടി, കലാവേദി കൺവീനർ നസീർ പൊന്നാനി, പ്രോഗ്രാം വൈസ് ചെയർമാൻ ഫിറോസ് വെളിയങ്കോട്, വനിതാ വിംഗ് രക്ഷാധികാരി സമീറ സിദ്ധിക്ക് എന്നിവർ നൽകി. പ്രോഗ്രാം കോർഡിനേറ്റർ സദാനന്ദൻ കണ്ണത്ത് നന്ദി പറഞ്ഞു.