മനാമ: കാരുണ്യ വെല്‍ഫെയര്‍ ഫോറം ബഹ്റൈന്‍ ചാപ്റ്റര്‍ സീഫിലുള്ള വര്‍ക്ക് സൈറ്റില്‍ 150-ഓളം തൊഴിലാളികള്‍ക്ക് ഉച്ച ഭക്ഷണവും, പഴവര്‍ഗ്ഗം, ശീതളപാനീയം, മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളും ഉള്‍പ്പെടെ വിതരണം ചെയ്തു.
"Hunger Free Expatriates” എന്ന ആപ്തവാക്യവുമായി താഴ്ന്ന വരുമാനക്കാരുടെയും, വേതനം ലഭിക്കാത്തവരുടെയും ഇടയില്‍ ചെയ്തു വരുന്ന സേവനങ്ങള്‍ വീണ്ടും തുടരുമെന്ന് പരിപാടിയുടെ അധ്യക്ഷനും കാരുണ്യ വെല്‍ഫെയര്‍ ഫോറം പ്രസിഡന്റുമായ മോനി ഒടിക്കണ്ടത്തില്‍ പറഞ്ഞു.
/sathyam/media/media_files/2024/10/30/img-20241030-wa0039.jpg)
രക്ഷാധികാരിയും ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാന്‍സിസ് കൈതാരത്ത് ചടങ്ങിന് സ്വാഗതം ആശംസിച്ചു. കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ്പ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി ഉൽഘാടനം ചെയ്തു.
സംഘടന അംഗങ്ങള്‍ സ്വന്തം വരുമാനത്തില്‍ നിന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെക്കുന്ന തുകയുടെ ഒരംശം സല്‍പ്രവര്‍ത്തികള്‍ക്ക് വിനിയോഗിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മാതൃകാപരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.
സംഘടനാ സെക്രട്ടറി സജി ജേക്കബ്, ജന. കണ്‍വീനര്‍ റെനിഷ് റെജി തോമസ്, ട്രഷറര്‍ ലെജിന്‍ വര്‍ഗ്ഗീസ്, ആന്‍റണി പൗലോസ്, അസി. സെക്രട്ടറി ഷഹീന്‍ അലി, അസി. ട്രഷറര്‍ നോബിന്‍ നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
റവ. ഡോ. ജോസഫ് അയിരൂക്കുഴി , ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, ബിഎംബിഎഫ് ജനറൽ സെക്രട്ടറി ബഷീര്‍ അമ്പലായി, ഇന്ത്യന്‍ സ്കൂള്‍ എക്സി. കമ്മിറ്റി അംഗം ബിജു ജോര്‍ജ്ജ്, മോബി കുര്യാക്കോസ് എന്നിവര്‍ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്ത ചടങ്ങിൽ സഹായികളായി.
കാരുണ്യ വെല്‍ഫെയര്‍ ഫോറം പ്രസിഡന്‍റ് മോനി ഒടിക്കണ്ടത്തില്‍ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.