മനാമ : കേന്ദ്ര ബജറ്റ് സാധാരണ ജനങ്ങളെ വഞ്ചിക്കൽ ബജറ്റ് ആണെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ വാർത്താകുറിപ്പിൽ അഭിപ്രായപ്പെട്ടു.
പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കോ കാലങ്ങളായി പ്രവാസികകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാര നിർദേശങ്ങളോ ഒന്നും തന്നെ ഇല്ല.
വിമാന യാത്ര ടിക്കറ്റ് വർദ്ധനവ് വിഷയത്തിൽ പോലും ഒരു ഇടപെടൽ ഉണ്ടായതായി കാണുവാൻ കഴിയുന്നില്ല. കോർപററേറ്റ് കൊള്ളക്ക് സർക്കാർ പിന്തുണ നൽകുകയാണെന്നും ഐ.വൈ.സി.സി വ്യക്തമാക്കി.
യു പി എ ഭരണകാലത്തെ ജനകീയ പദ്ധതികളെ അടക്കം താഴ്ത്തിക്കൊണ്ട് സാധാരണ ജനങ്ങൾക്ക് മുതൽക്കൂട്ടാവുന്ന മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതിക്ക് പുതിയ സഹായങ്ങൾ പ്രഖ്യാപിച്ചില്ല.
തൊഴിലില്ലായ്മ, വിലവര്‍ദ്ധനവ്, രൂപയുടെ മൂല്യത്തിലുള്ള ഇടിവ് തുടങ്ങിയ ജനദ്രോഹ വിഷയങ്ങളിൽ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര മന്ത്രി നിർമല സീതാരാമനൊ, കേന്ദ്ര സർക്കാരിനോ മറുപടിയില്ല.
തിരഞ്ഞെടുപ്പ് നടക്കാനുള്ള ബീഹാറിനു രാഷ്ട്രീയ ലക്ഷ്യത്തോടെ വാരിക്കൊടുത്ത്, കേരളം എന്ന ഒരു വാക്ക് പോലും ഉന്നയിക്കാതെ വയനാട്ടിലെ പ്രളയ ബാധിതരോട് മുഖം തിരിഞ്ഞു നിൽക്കുന്ന ബജറ്റ് കടുത്ത അനീതി ആണ്.
തെരഞ്ഞെടുപ്പ് സമയത്ത് കേരളം പിന്നോക്കം ആണെന്ന് പറയുകയും ബഡ്ജറ്റ് സമയത്ത് കേരളം മുന്നോക്കം ആയത് കൊണ്ട് ആണ് ഒന്നും കിട്ടാതെ പോയത് എന്നുമൊക്കെ വിടുവായത്വം പറഞ്ഞുകൊണ്ട് കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിയുമൊക്കെ കേരളത്തെ അപമാനിക്കുകയാണ്.
ഇവർ മലയാളികൾ തന്നെ ആണോ എന്നും സംശയം ആണെന്നും ഐ.വൈ.സി.സി ബഹ്‌റൈൻ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ അഭിപ്രായപ്പെട്ടു.