മനാമ: ജൂലൈ 15 മുതൽ ഒക്ടോബർ 25 വരെ ഡൽഹിയിലേക്കും തിരിച്ച് ബഹ്റൈനിലേക്കുമുള്ള സർവീസ് റദ്ദാക്കി എയർഇന്ത്യ എക്സ്പ്രസ്. ചൊവ്വ മുതൽ ശനി വരെ അഞ്ച് ദിവസങ്ങളിലായി സർവീസ് നടത്തിക്കൊണ്ടിരുന്ന IX 145, IX 146 എന്ന വിമാനങ്ങളാണ് റദ്ദാക്കിയത്.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ എയർപോർട്ടുകളിലേക്കും ഡൽഹി വഴി കണക്ഷൻ മാർഗമുണ്ടായത് കൊണ്ട് മലയാളികളടക്കം നിരവധി പ്രവാസികളായിരുന്നു ഈ റൂട്ടിലെ സർവീസിനെ ആശ്രയിച്ചിരുന്നത്. അത്തരക്കാർക്ക് വലിയ തിരിച്ചടിയാണ് എക്സ്പ്രസിന്‍റെ ഈ തീരുമാനം.
കൊമേഴ്സ്യൽ റീസണാണ് സർവീസ് റദ്ദ് ചെയ്യാൻ കാരണമെന്നാണ് എക്സ്പ്രസ് അധികൃതർ അറിയിച്ചിരിക്കുന്നത്. സർവീസുകൾക്കുള്ള വരുമാനം ചെവലിനേക്കാൾ കുറവാകുമ്പോഴാണ് ഇത്തരത്തിൽ റദ്ദ് ചെയ്യലിന് കാരണമാകുന്നത്.
എന്നാൽ, ആഴ്ചയിൽ രണ്ടോ, മൂന്നോ സർവീസുകൾ തന്നെയെങ്കിലും ഈ റൂട്ടിൽ നടത്താനുള്ള ശ്രമത്തിലാണെന്നും അതിനായുള്ള നിർദേശങ്ങൾ എയർലൈൻ മാനേജ്മെന്‍റിനെ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.