ബഹ്റൈനിൽ പുതിയ തരം തട്ടിപ്പ്. ഖത്തർ പ്രവാസികളായ മൂന്ന് മലയാളികൾ തട്ടിപ്പിനിരയായി, നഷ്ടമായത് അരക്കോടിയോളം മൂല്യമുള്ള വസ്തുക്കൾ

New Update
ad740c88-cebc-4636-84bd-4124e134bd58

മനാമ: താമസിക്കുന്ന ഹോട്ടൽ റൂമുകളിൽ നിന്ന് അരക്കോടി രൂപയുടെ സാധനങ്ങൾ നഷ്ടമായി. കമ്പനി പ്രൊമോഷൻ എന്ന വ്യാജേനെ ഫോട്ടോഗ്രാഫർമാരെ ബഹ്റൈനിലെത്തിച്ച് കൊള്ളയടിക്കുകയായിരുന്നു.

Advertisment

ബഹ്റൈനിൽ ഖത്തർ പ്രവാസികളായ മൂന്ന് മലയാളികളായ ഫോട്ടോഗ്രാഫർമാരെ കബളിപ്പിച്ച് കമ്പനി പ്രൊമോഷൻ എന്ന വ്യാജേനെ തട്ടിപ്പുകാർ ഫോട്ടോഗ്രാഫർമാരെ ബഹ്റൈനിലെത്തിക്കുകയായിരുന്നു. സോഷ്യൽ മീഡിയ വഴി പരസ്യം നൽകിയാണ് ഇരകളെ കണ്ടെത്തിയത്. 

വാട്സ് ആപ് വഴി‍യായിരുന്നു സംസാരം നടന്നത് ബഹ്റൈനിലുള്ള ഒരു കമ്പനി പ്രൊമോഷന്‍റെ ഭാഗമായി സി.ഇ.ഒയുമായി ഒരു ഇന്‍റർവ്യൂ അടക്കം കവർ ചെയ്യണമെന്നായിരുന്നു നൽകിയ നിർദേശം. കൂടാതെ വലിയ സംഖ്യ പാരിതോഷികമായി നൽകാമെന്നും വാഗ്ദാനം നൽകി. 

വിമാന ടിക്കറ്റുകളും രണ്ട് ദിവസത്തെ സ്റ്റാർ ഹോട്ടൽ താമസവും നൽകാമെന്നും അറിയിച്ചിരുന്നു. അവിശ്വസനീയമായ ഒരുകാര്യവും തോന്നാത്തതിനാൽ ഇരകൾ പൂർണ്ണമായും വിശ്വസിക്കുകയായിരുന്നു. ഇതു പ്രകാരം കഴിഞ്ഞ ദിവസം ബഹ്റൈനിലെത്തിയത്.

മലപ്പുറം ജില്ലയിലെ വണ്ടൂർ സ്വദേശിയും മറ്റ് രണ്ട് പേരും ഖത്തറിൽ നിന്ന് പുറപ്പെടുമ്പോൾ മൂന്ന് പേർക്കും പരസ്പരം അറിയില്ലായിരുന്നു. വ്യത്യസ്ത ഹോട്ടലുകളിലായിരുന്നു അവരെ താമസിപ്പിച്ചിരുന്നത്. എയർപോർട്ടിലിറങ്ങിയ മുതൽ വലിയ രീതിയിലുള്ള സ്വീകരണമാണ് ഇവർക്ക് യഥാസമയങ്ങളിൽ ലഭിച്ചു കൊണ്ടിരുന്നത്. വാടകകാർ വരെ ഒരുക്കിയാണ് ഇവരെ ഹോട്ടലിലെത്തിച്ചത്.

രാവിലെ ഹോട്ടലിലെത്തിയവരെ കരാർ കാര്യങ്ങൾ ചർച്ച ചെയ്യാൻ എന്ന് പറഞ്ഞാണ് മറ്റൊരു ഹോട്ടലിലേക്ക് വിളിപ്പിച്ചത്. മൂന്ന് പേർക്കും വ്യത്യസ്ത ലൊക്കേഷനുകളായിരുന്നു നൽകിയിരുന്നത്. ക്യാമറയോ മറ്റോ എടുക്കണ്ട എന്ന നിർദേശവും പരിപാടിയെക്കുറിച്ച് വിവരം നൽകാനാണെന്ന വ്യാജേനെയാണ് വിളിപ്പിച്ചത്.

പറഞ്ഞ പ്രകാരം ഹോട്ടലിൽ എത്തിയെങ്കിലും അവിടെ ആരുമുണ്ടായിരുന്നില്ല. വിളിക്കുമ്പോൾ കാത്തിരിക്കാനാണ് അറിയിച്ചത്. എന്നാൽ ഈ സമയങ്ങളിൽ പ്രതി ഇവരുടെ ഹോട്ടൽ മുറികളിൽ കയറി വില കൂടിയ സാധനങ്ങൾ കൊള്ളയടിക്കുകയായിരുന്നു.

തങ്ങളുമായി സംസാരിച്ച വ്യക്തിയുടെ പേരിലാണ് റൂം എടുത്തിരുന്നതിനാൽ റൂമിന്‍റെ ഒറിജിനൽ താക്കോലും സ്പെയർ താക്കോലും പ്രതിയുടെ കൈയ്യിലായിരുന്നു ഹോട്ടൽ റിസപ്ഷനിൽ നിന്ന് ഏൽപ്പിച്ചതെന്നുമാണ് ഇരയായവർ പറയുന്നത്.

എന്നാൽ തട്ടിപ്പ് നടത്തിയ പ്രതി കൈമാറിയത് ഒറിജിനൽ താക്കോൽ മാത്രമാണ് സ്പെയർ അദ്ദേഹം കൈവശം വെച്ചു. ഇരകളെ മീറ്റിങ് എന്ന് പറഞ്ഞ് റൂമിൽ നിന്ന് മാറ്റി നിർത്തുകയായിരുന്നു പിന്നീടുള്ള ലക്ഷ്യം. ഈ സമയം നോക്കിയാണ് വിലപിടിപ്പുള്ള ഇവരുടെ വസ്തുക്കൾ മൊത്തത്തിൽ അപഹരിക്കപ്പെടുന്നത്. 

മൂന്ന് പേരുടേതുമായി അഞ്ച് ക്യാമറകൾ, 11 ലെൻസുകൾ, ഐപാഡ്, രണ്ട് ഫോണുകൾ, മാക്ബുക് പ്രോ, കുറച്ച് ഖത്തർ റിയാൽ എന്നിവയടക്കം അരക്കോടിയോളം ഇന്ത്യൻ രൂപയുടെ മൂല്യമുള്ള വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. മണിക്കൂറുകൾക്ക്ശേഷം തിരിച്ച് ഹോട്ടൽ മുറിയിലെത്തിയപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടെന്നും എല്ലാം അപഹരിക്കപ്പെട്ടെന്നും ഇരകൾക്ക് മനസ്സിലായത്. 

പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഈ സമയത്താണ് ഇരകളായ മൂന്നുപേരും തമ്മിൽ കാണുന്നതും, സമാനമായ തട്ടിപ്പിനിരയായതറിയുന്നതും. റൂമെടുക്കാനായി നൽകിയ പ്രതിയുടേതെന്നു കരുതുന്ന പാസ്പോർട്ട് കോപ്പി ഹോട്ടൽ റിസപ്ഷനിൽ നിന്ന് ഇവർക്ക് ലഭിച്ചിരുന്നു. 

എന്നാൽ പാസ്പോർട്ടിൽ പറയപ്പെടുന്ന വ്യക്തി അന്ന് ഉച്ചക്ക് തന്നെ ബഹ്റൈൻ വിട്ടതായാണ് പൊലീസ് അറിയിച്ചത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം നടത്താമെന്ന് ഉറപ്പും ഇരകൾക്ക് നൽകിയിട്ടുണ്ട്. തുടർന്ന് മൂന്ന് പേരും ഖത്തറിലേക്ക് തന്നെ ഇന്ന് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

ഇത്തരത്തിൽ പുതിയ തട്ടിപ്പ് കേട്ടുകേൾവി ഇല്ലാത്തതാണ്. മേലിൽ ഇത്തരം ചതിയും കൊള്ളയടിയും  സംഭവിക്കാതിരിക്കാൻ ഏറെ കരുതൽ നടത്തേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്.

Advertisment