/sathyam/media/media_files/hXWeBwDa0fAJTxKrbVR3.jpg)
ബഹ്റൈൻ: ഇന്ത്യന്‍ സ്കൂള്‍ അദ്ധ്യാപകരുടെ അഭാവം മൂലം ക്ലാസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ആശങ്കയും വിഷമങ്ങളും ഇല്ലാതാക്കാന്‍ ആവശ്യമുള്ള അദ്ധ്യാപകരെ ഉടന്‍ തന്നെ നിയമിക്കണമെന്ന് യു.പി.പി നേതാക്കള്‍ പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.
മുതിര്‍ന്ന ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അടുത്ത് വരുന്ന രണ്ടോ മൂന്നോ മാസങ്ങളില്‍ നടക്കാനിരിക്കുന്ന പൊതു പരീക്ഷകളിലെ വിജയത്തിനായി അവരുടെ പാഠ്യവിഷയങ്ങള്‍ ക്ളാസ്സുകളില്‍ എടുത്തു തീര്‍ക്കേണ്ടതുണ്ട്. അതിന് ആവശ്യമായ അദ്ധ്യാപകരില്ലാത്ത അവസ്ഥയാണ് ഇന്ന് സ്കൂളില്‍ നിലനില്‍ക്കുന്നത്.
താല്‍ക്കാലിക നിയന്ത്രണം എന്ന പേരില്‍ രണ്ട് മൂന്നു ക്ളാസ്സുകളിലെ കുട്ടികളെ അച്ചടക്ക നിയന്ത്രണം ചെയ്യിക്കാനായി ഉള്ള അദ്ധ്യാപകരെ തന്നെ കോറിഡോര്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് തികച്ചും നിരുത്തരവാദപരമാണ്.
കോവിഡ് കാലഘട്ടത്തില്‍ ഫീസ് കുടിശ്ശിക വന്ന കുട്ടികളെ ഓണ്‍ലൈന്‍ ക്ളാസ്സുകളില്‍ പോലും പ്രവേശിപ്പിക്കാതിരുന്നവര്‍ക്ക് ഫീസടച്ച് ക്ളാസ്സിലെത്തുന്ന കുട്ടികള്‍ക്ക് സുതാര്യമായി പാഠ്യവിഷയങ്ങളെടുക്കാനുള്ള അദ്ധ്യാപകരെ നിയമിക്കാത്തതിനെ കുറിച്ച് എന്ത് ന്യായീകരികരണമാണ് പറയാനുള്ളത്.
അദ്ധ്യാപകരുടെ പരിമിതി മൂലം മുതിര്‍ന്ന ക്ളാസ്സുകളില്‍ നാല്‍പതോ നാല്‍പത്തഞ്ചോ മിനിറ്റു മാത്രം ദൈര്‍ഘ്യമുള്ള ഒരു പിരീഡിനുള്ളില്‍ ഒരു ചാപ്റ്റര്‍ മുഴുവന്‍ പേമാരി പോലെ പഠിപ്പിച്ചു തീര്‍ക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഭരണ കര്‍ത്താക്കളുടെ തികഞ്ഞ അനാസ്ഥ കാരണം ഇങ്ങിനെ പഠന നിലവാരം മോശമായാല്‍ ആവസാനം അദ്ധ്യാപകരെ മാത്രം കുറ്റം പറഞ്ഞ് തടിയൂരാമെന്ന് ബന്ധപ്പെട്ടവര്‍ കരുതരുത്.
പാഠ്യ വിഷയങ്ങള്‍ എടുത്തു തീര്‍ക്കേണ്ട അദ്ധ്യാപകരെ മെഗാ ഫെയര്‍ പോലുള്ള ഭാരിച്ച ജോലികള്‍ ഏല്‍പ്പിക്കുമ്പോൾ അവര്‍ക്ക് നേരാംവണ്ണം പാഠ്യവിഷയങ്ങള്‍ എടുത്തു തീര്‍ക്കാന്‍ കഴിയാതെ വരികയും രക്ഷിതാക്കള്‍ തങ്ങളുടെ മക്കളുടെ സുതാര്യമായ വിദ്യാഭ്യാസത്തിനായി വൈകുന്നേരം മുതല്‍ അര്‍ദ്ധ രാത്രി വരെ ബഹ്റൈനില്‍ പല ഇടങ്ങളിലായുള്ള ട്യൂഷന്‍ ക്ളാസ്സുകളില്‍ നെട്ടോട്ടമോടുകയും ചെയ്യേണ്ടിവരികയാണെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കേണ്ടതുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ ഇരുപതോളം വര്‍ഷങ്ങളായി ഇന്‍ഡ്യന്‍ സ്കൂളിന്‍റെ ഭരണ രംഗത്ത് അധികാരത്തിലിരുന്നും പ്രതിപക്ഷത്തിരുന്നും സ്കൂളിലെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്നും ആരോഗ്യപരമായ ഇടപെടലുകള്‍ നടത്തുന്ന പ്രസ്ഥാനമാണ് യു.പി.പി എന്നും തെരഞ്ഞെടുപ്പ് സമയത്ത് മാത്രം മത്സരിക്കാനും അധികാരം പങ്കിടാനും തട്ടിക്കൂട്ടുന്ന സംഘടനകളുടെ നിലപാടുകളും ഉത്തരവാദിത്തവും അല്ല യു.പി.പിക്ക് ഉള്ളതെന്നും യു.പി.പി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ അനിൽ യുകെ, ബിജു ജോർജ്, ഹരീഷ് നായർ, ജാവേദ് പാഷ, എഫ്.എം.ഫൈസൽ, ജ്യോതിഷ് പണിക്കർ, തോമസ് ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു .