മനാമ: ബഹ്റൈനിലെ ഇന്ത്യൻ പാസ്പോർട്ട് വിസ സർവീസ് ഔട്ട് സോഴ്സിംഗ് സെന്ററിന്റെ (IPVS) പുതിയ ഏജൻസിയുടെ പേര് വിവരം ഇന്ത്യൻ എംബസി പുറത്തുവിട്ടു. ബഹറൈൻ ആസ്ഥാനമായിട്ടുള്ള യൂസഫ് ബിൻ അഹമ്മദ് കാനു WLL, എന്ന സ്ഥാപനത്തിനാണ് കരാർ ലഭിച്ചിരിക്കുന്നത്.
അടുത്ത മൂന്നുവർഷമായിരിക്കും ഇവരുടെ കാലാവധി. ഇപ്പോൾ പാസ്പോർട്ട്, ഇന്ത്യൻ വിസ, ചില അറ്റസ്റ്റേഷൻ സർവീസുകളും മാത്രമേ ഏജൻസി സേവനം നൽകുന്നുള്ളൂ. ഇനിമുതൽ എല്ലാ അറ്റസ്റ്റേഷൻ സേവനങ്ങളും പുതിയ ഏജൻസിയിൽ നിന്നും ലഭ്യമാകും. ഇത് കാരണം അപേക്ഷകർക്ക് സേവനത്തിനായി രണ്ടു സ്ഥലങ്ങളിലേക്ക് പോകേണ്ടി വരില്ല.
ഒരേ സ്ഥലത്ത് തന്നെ എല്ലാ സേവനങ്ങളും ലഭ്യമാകുന്നതാണ്. എംബസിയിൽ നിന്നും ലഭിക്കുന്നതുപോലെ അതേ ദിവസം തന്നെ അറ്റസ്റ്റേഷൻ സേവനങ്ങൾ ഏജൻസിയിൽ നിന്നും തിരികെ ലഭിക്കുന്നതായിരിക്കും. എംബസി ഓഫീസർ സെൻററിൽ വന്ന് രേഖകൾ പരിശോധിച്ചു ഉടൻ തന്നെ രേഖകൾ അപേക്ഷകർക്ക് തിരികെ നൽകുന്നതായിരിക്കും.
ഔദ്യോഗികമായി ഏജൻസിയെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ കരാർ ഒപ്പിടൽ ആയിരിക്കും. അത് കഴിഞ്ഞാൽ രണ്ടുമാസത്തിനകമാണ് പുതിയ കമ്പനി പ്രവർത്തനം ബഹറിനിൽ തുടങ്ങേണ്ടത് . കരാർ ലഭിക്കുന്ന കമ്പനി കൂടുതൽ സൗകര്യങ്ങളും വിശാലമായ പാർക്കിംഗ് സൗകര്യങ്ങളും ഉള്ള സ്ഥലത്തായിരിക്കണം തുടങ്ങേണ്ടത് എന്ന നിബന്ധന ആദ്യമേ ഉണ്ടായിരുന്നു.
പാസ്പോർട്ട് വിസ നിരക്കുകളിൽ ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. പുതിയ RFP പ്രകാരം പാസ്പോർട്ട് പുതുക്കുന്നവർക്ക് ഭാവിയിൽ ബയോമെട്രിക് സ്കാനിങ്ങും (finger) ഉണ്ടായേക്കും. ഫീസുകൾ പ്രത്യേകം പ്രത്യേകം ചാർജ് ചെയ്യാൻ ഇടയില്ല. എല്ലാംകൂടി ഒരൊറ്റ ഫീസ് മാത്രമേ ഉണ്ടാവുകയുള്ളൂ എന്നാണ് ടെൻഡർ RFP യില് കാണിച്ചിട്ടുള്ളത്. ഏതായാലും പുതിയ ഏജൻസിയെ പ്രഖ്യാപിച്ചു.