/sathyam/media/media_files/2025/10/14/upp-baharin-2025-10-14-19-46-01.jpg)
ബഹ്റൈൻ: ഇപ്പോഴത്തെ സ്കൂൾ ഭരണ സമിതിയുടെ തികഞ്ഞ അനാസ്ഥയും കാര്യക്ഷമതയില്ലായ്മയും പിൻസീറ്റ് ഡ്രൈവിങ്ങിന്‍റെ അമിതമായ നിയന്ത്രണത്താലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനോ സുതാര്യമായി തീരുമാനങ്ങള്‍ എടുക്കാനോ കഴിയാതെ നിലവിലെ ഇന്ത്യൻസ്കൂൾ ഭരണസമിതി സ്കൂളിനെ യും ജീവനക്കാരേയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണെന്ന് യുനൈറ്റഡ് പാരന്‍റ് പാനല്‍ ആരോപണം ഉന്നയിച്ചു .
പരിചയ സമ്പന്നരായ ഭരണസമിതി അംഗങ്ങളെ വെറും നോക്കുകുത്തികൾ ആക്കി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രക്ഷിതാക്കൾ അല്ലാത്ത ചില മുൻഭരണസമിതി അംഗങ്ങളും അവരുടെ ഉപജാപക സംഘങ്ങളുമാണ് സ്കൂളിനെ തിരശീലക്ക് പിന്നില്‍ നിന്ന് ഇന്ന് ഭരണം അവര്‍ക്ക് തോന്നും വിധം നിയന്ത്രിക്കുന്നത്.
അതിനു ഉദാഹരണമാണ് സ്കൂൾ ഫണ്ട് ഉപയോഗിച്ച് പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചുനടത്തിയ മ്യൂസിക്കൽ നൈറ്റ് വിത്ത് ഡിന്നര്‍ പരിപാടി വൻപരാജയമായതിന്റെ ഉത്തരവാദിത്തം ചില കമ്മിറ്റിയംഗങ്ങളും രക്ഷിതാക്കളല്ലാത്ത പിന്‍ സീറ്റ് ഡ്രൈവര്‍മാരും പരസ്പരം പഴി ചാരി സ്വയം തടിയൂരുന്നത്.
ഇതിന്‍റെ ദുരന്തഫലം അനുഭവിക്കുന്നത് ക്യത്യമായി വേതനം ലഭിക്കാത്ത സ്കൂളിലെ പാവങ്ങളായ അദ്ധ്യാപകരും അല്ലാത്തവരുമായ ജീവനക്കാരാണ്.
ഇഷ്ടക്കാരും ആജ്ഞാനുവര്‍ത്തികളുമായ ചില അദ്ധ്യാപര്‍ക്കൊഴികെ പാവപ്പെട്ട ആയമാര്‍ക്കും മറ്റു അധ്യാപകർക്കും ഒന്നര മാസമായി ക്യത്യമായി വേതനം ലഭിക്കാത്ത അവസ്ഥയാണ് ഇന്ന് സ്കൂളില്‍ നിലവിലുള്ളത്.
ഇത്തരം കാരണങ്ങളാലും മറയത്ത് നിന്ന് അധ്യാപകർ ക്കെതിരെ വ്യക്തി വിരോധം തീർക്കുന്നതിനാലും പല നല്ല അധ്യാപകരും സ്കൂൾവിട്ടു മറ്റു സ്കൂളുകളിലേയ്ക്ക് മാറി പോകുന്നത് ഇപ്പോള്‍ ഒരു സ്ഥിരം സംഭവമാണ്
ഇത് കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്ന വിഷയമാണ് എന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കാതെ പോകുന്നത് ഖേദകരമാണ്.
മ്യൂസിക് നൈറ്റ് വിത്ത് ഡിന്നര്‍ പരിപാടിയുടെ സംഘാടകരില്‍ പലരുമടക്കം രക്ഷിതാക്കളല്ലാത്ത പല കോണ്ട്രാക്ടർമാരും അവരുടെ സാമ്പത്തിക നേട്ടങ്ങള്‍ക്കായി സ്കൂൾ ഫണ്ട് ദുരുപയോഗം ചെയ്‌ത് അക്ഷരാര്‍ത്ഥത്തില്‍ സ്കൂളിനെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന സ്ഥിതിയാണ് ഇന്ന് നിലവിലുള്ളത്.
എല്ലാ അര്‍ത്ഥത്തിലും സ്കൂളിനെ തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയ രക്ഷിതാക്കളല്ലാത്ത ഈ ഉപജാപക സംഘത്തിന്‍റെ ബാഹ്യ ഇടപെടല്‍ സ്കൂള്‍ ഭരണ സമിതി ഇനിയും നിര്‍ത്തലാക്കിയില്ലെങ്കിൽ കൃത്യമായി ഫീസ് അടച്ച് കുട്ടികളെ പഠിപ്പിക്കുന്ന രക്ഷിതാക്കള്‍ ഇവിടുത്തെ വിദ്യാഭ്യാസ മന്ത്രാലയങ്ങളിലും ബന്ധപ്പെട്ടവര്‍ക്കും ഈ കാര്യത്തില്‍ ഗൗരവതരമായി സ്കൂളിനെ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പരാതി നല്‍കുമെന്നും യു.പി.പി അംഗങ്ങള്‍ പത്ര കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി.