/sathyam/media/media_files/2025/12/26/iycc-bahrain-2025-12-26-16-02-12.jpg)
​മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐവൈസിസി) ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മറ്റിയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള കൺവൻഷനും ഡിസംബർ 26 (ഇന്ന്) വെള്ളിയാഴ്ച നടക്കും.
മുഹറഖ് റൂയാൻ ഫാർമസിക്ക് സമീപം പ്രത്യേകം സജ്ജീകരിച്ച ഓഡിറ്റോറിയത്തിൽ രാത്രി 7:30-നാണ് കൺവൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.
​ഇന്ത്യക്ക് പുറത്ത് രൂപംകൊണ്ട ആദ്യ കോൺഗ്രസ് യുവജന സംഘടനയായ ഐ.വൈ.സി.സി ബഹ്‌റൈൻ, വർഷംതോറും ഭാരവാഹികളെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കുന്ന രീതിയാണ് സംഘടന പിന്തുടരുന്നത്.
ഇതിനോടകം തന്നെ ബഹ്‌റൈനിലെ വിവിധ ഏരിയകളിൽ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുള്ള കൺവൻഷനുകൾ സജീവമായി നടന്നുവരികയാണ്.
എല്ലാ ഏരിയകളിലെയും തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതോടെ ഐ.വൈ.സി.സി ബഹ്‌റൈന്റെ പുതിയ ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുള്ള ദേശീയ കൺവെൻഷൻ നടക്കും.
​
മുഹറഖ് ഏരിയ കൺവൻഷനിൽ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കുകയും ചർച്ചകൾക്ക് ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്യും.
വരും വർഷങ്ങളിൽ ഏരിയയിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിനും പ്രവാസി യുവജനങ്ങൾക്കിടയിൽ സംഘടനയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനുമുള്ള കർമ്മപദ്ധതികൾക്കും കൺവൻഷൻ രൂപം നൽകും.
ഐ.വൈ.സി.സി ദേശീയ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ദേശീയ കമ്മിറ്റി പ്രതിനിധികളും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളും കൺവൻഷൻ നടപടികൾ നിയന്ത്രിക്കും.
​സംഘടനയുടെ കരുത്ത് വിളിച്ചോതുന്ന മുഹറഖ് ഏരിയ കൺവൻഷനിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രവർത്തകരും കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് ഏരിയ കമ്മിറ്റി പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്ത് അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us