/sathyam/media/media_files/2025/08/28/fad675f3-34f7-4c01-afe6-44c845002ecc-2025-08-28-19-00-52.jpg)
മനാമ: മുൻ ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ കോൺഗ്രസ് പാർട്ടി വ്യക്തമായ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, യാതൊരു പരാതികളോ ആരോപണങ്ങളോ ഇല്ലാതിരുന്നിട്ടും, വടകര എം.പി. ഷാഫി പറമ്പിലിനെതിരെ ഡി.വൈ.എഫ്.ഐ, സി.പി.എം. പ്രവർത്തകർ അസഭ്യം വിളിച്ചുപറഞ്ഞ് വഴിതടഞ്ഞത് ഇരട്ടത്താപ്പാണ്.
ഒരു ജനപ്രതിനിധിയെ പൊതുസ്ഥലത്ത് അനാവശ്യമായി തെറി വിളിച്ചിട്ടും പോലീസ് ഇവർക്കെതിരെ നിഷ്ക്രിയരാവുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. എം.പി.ക്ക് നേരിട്ടിറങ്ങി സി.പി.എം. ഗുണ്ടായിസത്തിനെതിരെ പ്രതികരിക്കേണ്ടി വന്നു. ഇത് പോലീസിൻ്റെയും ആഭ്യന്തര മന്ത്രി പിണറായി വിജയൻ്റെയും പരാജയമാണ്. ഒരു എം.പി.യെ സംരക്ഷിക്കാൻ പോലും ആഭ്യന്തര വകുപ്പിന് ശക്തിയില്ല. ഇതിൽ ഐ.വൈ.സി.സി. ബഹ്റൈൻ ദേശീയ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണത്തിൽ ഷാഫി പറമ്പിലിനെ വഴിയിൽ തടയുന്ന സി.പി.എം നിലപാട് മനസിലാകുന്നില്ല. അങ്ങനെ എങ്കിൽ പീഡന ആരോപണം ഉള്ള പി. ശശിയെയും ബലാത്സംഗ കേസിൽ വിചാരണ നേരിടുന്ന മുകേഷ് എം.എൽ.എയേ അടക്കം സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ തടയുവാൻ ഡി.വൈ.എഫ്.ഐ - സിപിഎം ന് ആർജവം ഉണ്ടോ എന്നും, സ്ത്രീപീഡന ആരോപണങ്ങൾ സി.പി.എം. നേതാക്കൾക്കെതിരെ ആവുമ്പോൾ പാർട്ടി കോടതി അന്വേഷണം നടത്തുമെന്ന് പറയുന്ന സി.പി.എം., ധാർമിക ബോധമുണ്ടെങ്കിൽ കോൺഗ്രസ് സ്വീകരിച്ച മാന്യമായ നിലപാട് സ്വീകരിച്ചു മാതൃകയാകണം എന്നും ഐ.വൈ.സി.സി. ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ പത്രക്കുറിപ്പിൽ ആവിശ്യപ്പെട്ടു.