/sathyam/media/media_files/2025/10/15/iycc-baharin-2025-10-15-17-33-15.jpg)
മനാമ : മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 16-17-ന് ബഹ്‌റൈനിൽ നടത്തുന്ന സന്ദർശനം, സംസ്ഥാന സർക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടുകളിലും, കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ അതിക്രമങ്ങളിലും അഴിമതിയിലും, പോലീസ് രാജിലും പ്രതിഷേധിച്ചുകൊണ്ട്, ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ ബഹിഷ്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രവാസികളുടെ ക്ഷേമം വാക്കുകളിൽ മാത്രം ഒതുക്കുകയും, പ്രവാസലോകത്തെ പ്രശ്നങ്ങളോട് മുഖം തിരിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തിന്റെ തലവനാണ് മുഖ്യമന്ത്രി. പ്രവാസി ക്ഷേമം ഉൾപ്പെടെയുള്ള വിവിധ ക്ഷേമ പദ്ധതികൾ അട്ടിമറിക്കുക കൂടി ചെയ്യുന്ന സർക്കാരിന് പ്രവാസികളുടെ സ്വീകരണം ഏറ്റുവാങ്ങാൻ യാതൊരു അർഹതയുമില്ല.
ശബരിമല സ്വെർണപ്പാളി വിഷയത്തിൽ സർക്കാരിനെതിരെയുള്ള ആരോപണം മറക്കാൻ, ഇന്ത്യൻ പാർലമെന്റ് അംഗം ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെയുള്ള ജനകീയ പ്രതിപക്ഷ ജനപ്രതിനിധികളെ വരെ സി.പി.എം. പോലീസുകാരെ ഉപയോഗിച്ച് ആക്രമിക്കലടക്കമുള്ള പദ്ധതികളാണ് പിണറായി വിജയൻ സർക്കാർ ആസൂത്രണം ചെയ്തത്. തൃശ്ശൂർ കുന്നംകുളം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുജിത്ത് ക്രൂരമായി പോലീസ് ലോക്കപ്പിൽ മർദിക്കപ്പെട്ട വിഷയത്തിൽ നാളിതുവരെ വായ തുറക്കാൻ ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയൻ തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ മകനെതിരെ സാമ്പത്തിക പരമായ കേസിൽ ഇ.ഡി. സമൻസ് അയച്ചു,
കേരളത്തിൽ യുവജന സംഘടനകളെയും പ്രതിപക്ഷ നേതാക്കളെയും അടിച്ചമർത്തുന്ന പോലീസ് അതിക്രമങ്ങൾ ദിനംപ്രതി വർധിച്ചു വരികയാണ്. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ അക്രമങ്ങൾക്കും, യുവജന നേതാക്കൾക്കെതിരായ കള്ളക്കേസുകൾക്കും മുഖ്യമന്ത്രി നേരിട്ട് ഉത്തരം പറയേണ്ടതുണ്ട്. സ്വന്തം നാട്ടിലെ സമരങ്ങളെയും പ്രതിഷേധങ്ങളെയും ഭയക്കുന്ന മുഖ്യമന്ത്രി, പ്രവാസികളുടെ നാട്ടിൽ സൗഹൃദ സന്ദർശനം നടത്തുന്നത് തികഞ്ഞ പ്രഹസനമാണ്.മുൻപ് വന്നപ്പോൾ നടത്തിയ പ്രസംഗത്തിലെ വാഗ്ദാനങ്ങളിൽ ഒന്ന് പോലും നടപ്പിലാക്കിയട്ടില്ല, ലോക കേരള സഭ എന്ന് പറഞ്ഞു പ്രവാസികളുടെ പേരിൽ ധൂർത്ത് നടത്തുന്ന പരിപാടി അല്ലാതെ എന്ത് ഗുണമാണ് പ്രവാസി സമൂഹത്തിനു അത് കൊണ്ട് ഉണ്ടായത്, പ്രവാസി ക്ഷേമ നിധി പെൻഷൻ കിട്ടാൻ അപേക്ഷിച്ചിട്ടു ഒരു വർഷത്തോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ് പ്രവാസികൾ, ഇത്തരം വിഷയങ്ങളിലൊക്കെ ഒരു പരിഹാരവും കാണാതെ തെരഞ്ഞെടുപ്പു അടുത്ത വേളയിൽ വീണ്ടും കപട വാഗ്ദാനം നൽകാൻ മാത്രമാണ് ഈ വരവ്,
കേരളത്തിലെ സർവകലാശാലകളിലെ സ്വജനപക്ഷപാതം, ഭരണ സിരാകേന്ദ്രങ്ങളെ പോലും കളങ്കപ്പെടുത്തിയ അഴിമതി ആരോപണങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ തകർച്ച, വർധിച്ചു വരുന്ന ജനദ്രോഹ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ ശക്തമായി പ്രതിഷേധിച്ചുകൊണ്ടാണ് യു.ഡി.എഫ്. അനുകൂല പ്രവാസി സംഘടനകൾ മുഖ്യമന്ത്രിയുടെ സന്ദർശനം ബഹിഷ്കരിക്കുന്നത്.
കേരളത്തിന്റെ വികസനത്തെക്കുറിച്ചും, പ്രവാസികളുടെ ക്ഷേമത്തെക്കുറിച്ചും വെറും വാക്ക് പറഞ്ഞു വാചാലനാകാൻ ഒരുങ്ങുന്ന മുഖ്യമന്ത്രി, ആദ്യം കേരളത്തിലെ സാധാരണക്കാരുടെയും യുവജനങ്ങളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണണം.
സന്ദർശനവുമായി ബന്ധപ്പെട്ട് ബഹ്‌റൈനിൽ ഒരുക്കുന്ന എല്ലാ സ്വീകരണ പരിപാടികളിൽ നിന്നും ഐ.വൈ.സി.സി. ബഹ്‌റൈൻ വിട്ടുനിൽക്കും. പിണറായി സർക്കാരിന്റെ ജനദ്രോഹ ഭരണത്തിൽ വിയോജിപ്പുള്ള എല്ലാ പ്രവാസികളും ഈ ബഹിഷ്കരണത്തിൽ പങ്കുചേരും എന്നാണ് മനസ്സിലാക്കുന്നത് എന്ന് ഐ.വൈ.സി.സി. ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ അഭിപ്രായപ്പെട്ടു.