പ്രവാസികളുടെ പേരിൽ നടത്തുന്ന മാമാങ്കത്തിൽ പങ്കെടുക്കില്ല -ഒഐസിസി

New Update
c150a4f4-e768-4fa9-b64a-63bf6ef97a32

മനാമ : സംസ്ഥാന ഭരണത്തിൽ നിന്ന് ഒഴിഞ്ഞുപോകാൻ മാസങ്ങൾ മാത്രം ഉള്ളപ്പോൾ പ്രവാസികളുടെ പേരിൽ നടത്തുന്ന മാമാങ്കത്തിൽ നിന്ന് എല്ലാ പ്രവാസിസംഘടനകളും പിൻ മാറണമെന്ന്  ഒഐസിസി അഭ്യർത്ഥിച്ചു. കഴിഞ്ഞ പത്തുവർഷമായി പ്രവാസികൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെയും, സർക്കാരിന്റെയും മുന്നിൽ അവതരിപ്പിച്ചിട്ടും യാതൊരു പ്രതികരണവും നടത്താതെ, ഭരണത്തിൽ നിന്ന് ഒഴിഞ്ഞു പോകാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ സാധാരണക്കാരായ പ്രവാസികളുടെ ഉന്നമനത്തിന് എന്ന പേരിൽ ലക്ഷങ്ങൾ മുടക്കി നടത്തുന്ന മാമാങ്കത്തിൽ പ്രവാസികളുടെ ബുദ്ധിമുട്ട് അറിയുന്ന പൊതു പ്രവർത്തകർ ആരും പങ്കെടുക്കില്ല.

Advertisment

കഴിഞ്ഞ പത്തു വർഷമായി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി വിവിധ അവസരങ്ങളിൽ നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ഈ അവസരങ്ങളിൽ നിരവധി പൊള്ളായായ വാഗ്ദാനങ്ങളും നൽകി. ഇതിൽ ഒന്നും കൃത്യമായ തുടർ പ്രവർത്തനങ്ങൾ നടത്തുവാൻ സർക്കാരിന് സാധിച്ചിട്ടില്ല. ആദ്യ ലോക കേരള സഭ മുതൽ കേരളത്തിലെ പ്രവാസികളുടെ പേരിൽ കോടികൾ മുടക്കി നടത്തുന്ന മീറ്റിങ്ങുകൾ മൂലം പാവപെട്ട പ്രവാസികൾക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല.

കഴിഞ്ഞ അൻപതു വർഷമായി കേരളത്തിന്റെ പട്ടിണി മാറ്റിയത് മിഡിൽ ഈസ്റ്റ്‌ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ ആണ്. അവരിൽ എഴുപത് ശതമാനത്തോളം ആളുകൾ ഏറ്റവും താഴെ തട്ടിൽ ഉള്ള ജോലികൾ ആണ് ചെയ്യുന്നത്, അവർ താമസിക്കുന്നത് ലേബർ ക്യാമ്പുകളിൽ ആണ്. അവർ എല്ലാ മാസവും നാട്ടിലേക്ക് അയച്ചു കൊടുക്കുന്ന പണം ആണ് നാടിന്റെ പട്ടിണി മാറ്റിയത്. അങ്ങനെയുള്ള ആളുകളെ നേരിട്ട് കാണുവാൻ, അവരുടെ യഥാർത്ഥ പ്രശ്നങ്ങൾ എന്താണ് എന്ന് ചോദിച്ചു മനസ്സിലാക്കാൻ നമ്മുടെ മുഖ്യമന്ത്രിയുടെയോ, മറ്റ് മന്ത്രിമാരുടെയോ വിദേശ സന്ദർശന സമയത്ത് സമയം കണ്ടെത്തിയില്ല.

ഗൾഫ് രാജ്യങ്ങളിലെ ബിസിനസ്സ് പ്രമുഖരെ കണ്ട്, അവരുടെ സൽക്കാരത്തിൽ പങ്കെടുത്തു തിരിച്ചു പോകുന്നവർ പ്രവാസികളുടെ കാര്യങ്ങൾക്ക് ഒരു പ്രാധാന്യവും നൽകുന്നില്ല. നാട്ടിൽ തിരിച്ചു ചെല്ലുന്ന വാർദ്ധക്യം ബാധിച്ച പ്രവാസികൾക്ക് അവസ്ഥയിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. സ്വന്തം ആരോഗ്യമോ, ഭാവി ജീവിതത്തിന്റെ സുരക്ഷയോ നോക്കാതെ  പ്രവാസലോകത്ത് ജീവിച്ച ആളുകൾക്ക് മാന്യമായ ചികിത്സയോ, പലവിധ രോഗങ്ങളോട് പൊരുതുന്നവർക്ക് അത്യാവശ്യത്തിന് മരുന്നോ ലഭിക്കാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. മുൻ പ്രവാസികളുടെ ഗണത്തിൽ പെടുന്നതിനാൽ, ദാരിദ്ര്യരേഖക്ക് മുകളിൽ ആയതിനാൽ സർക്കാരിൽ നിന്ന് ലഭിക്കുന്ന സൗജന്യം പോലും യഥാർത്ഥ ഗുണഭോക്താവിന് ലഭിക്കുന്നില്ല. 

ആരോഗ്യം നഷ്ടപ്പെട്ട പ്രവാസികളെ പലപ്പോഴും സ്വന്തം വീട്ടുകാർ പോലും കൈ ഒഴിയുമ്പോൾ, സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണ്. ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്ന മുൻ പ്രവാസികളെ പ്രത്യേകം പദ്ധതികളിൽ കൂടി സംരക്ഷിക്കേണ്ട സർക്കാരുകൾ നോക്കുകുത്തികൾ ആയി മാറുന്ന സമയത്ത് നടത്തുന്ന സമ്മേളനങ്ങൾ സർക്കാരിന്റെ പി ആർ വർക്ക്‌ ന് മാത്രമേ പ്രയോജനപ്പെടു. പ്രവാസി സമ്മേളനത്തിന്റെ പേരിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നിന്ന് എത്തിക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചു മടങ്ങുന്ന പ്രവാസി നേതാക്കളും, ആർഭാടം നടത്തി സർക്കാരിന്റെ ഇമേജ് കൂട്ടാൻ നോക്കുന്ന നേതാക്കളും യഥാർത്ഥ പ്രവാസി വിഷയങ്ങളിൽ നിന്ന് വർഷങ്ങളായി ഓടി ഒളിക്കുകയാണ് എന്നും ഒഐസിസി കുറ്റപ്പെടുത്തി.

Advertisment