മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ; പ്രവാസികളുടെ ഉജ്ജ്വല സ്വീകരണം, ഗൾഫ് പര്യടനത്തിന് തുടക്കം ബഹിഷ്‌രിച്ച് പ്രതിപക്ഷ പ്രാവാസി സംഘടനകൾ

New Update
PINARAYI IN BAHARIN

ബഹ്‌റൈൻ  : കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് തുടക്കം കുറിച്ച് ബഹ്‌റൈനിലെത്തി. വ്യാഴം പുലർച്ചെ  ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിക്ക് പ്രവാസി മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്.

Advertisment


ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്വാഗതസംഘം ഭാരവാഹികൾ, വിവിധ പ്രവാസി സംഘടനകളുടെ പ്രതിനിധികൾ എന്നിവർ ചേർന്ന് വിമാനത്താവളത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി ബഹ്‌റൈനിൽ എത്തുന്നത്.


ഗൾഫ് രാജ്യങ്ങളിലെ മലയാളി പ്രവാസികളുമായി സംവദിക്കുക, ലോക കേരള സഭയുടെയും മലയാളം മിഷന്റെയും പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുക എന്നിവ ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ ഈ വിദേശ പര്യടനം.

പ്രവാസി സംഗമം

ബഹ്‌റൈനിലെ പ്രധാന പരിപാടിയായ പ്രവാസി മലയാളി സംഗമം നാളെ (വെള്ളിയാഴ്ച) വൈകിട്ട് 6.30 ന് ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. മലയാളം മിഷനും ലോക കേരള സഭയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, മന്ത്രി സജി ചെറിയാൻ, പത്മശ്രീ എം.എ. യൂസഫ് അലി എന്നിവർ വിശിഷ്ടാതിഥികളാകും. 5000-ത്തോളം പ്രവാസി മലയാളികളെയാണ് സംഗമത്തിൽ പ്രതീക്ഷിക്കുന്നത്.

ബഹ്‌റൈനിലെ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി ഒമാൻ, ഖത്തർ, കുവൈത്ത്, യു.എ.ഇ. എന്നീ ഗൾഫ് രാജ്യങ്ങളിലും സന്ദർശനം നടത്തും. സൗദി അറേബ്യൻ സന്ദർശനത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് ആ പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പര്യടനം ഡിസംബർ ഒന്നിന് അവസാനിക്കും.

ചില പ്രതിപക്ഷ പ്രവാസി സംഘടനകൾ പരിപാടി ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, പ്രവാസി സംഗമം വൻ വിജയമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

Advertisment