/sathyam/media/media_files/2025/08/24/2984f648-34a7-4015-be7e-2686e62ea215-2025-08-24-19-02-08.jpg)
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ യൂത്ത് ഫെസ്റ്റിനോട് അനുബന്ധിച്ച് ഗൾഫ് മേഖലയിലെ മികച്ച സാമൂഹിക പ്രവർത്തകർക്ക് നൽകി വരുന്ന ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം സാമൂഹിക പ്രവർത്തകൻ വേണു വടകരക്ക് സമ്മാനിച്ചു. ജൂൺ 27-ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന പത്താമത് ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2025 വേദിയിൽ വെച്ചാണ് പുരസ്‌കാരം നൽകിയത്. പ്രമുഖ കോൺഗ്രസ് നേതാക്കളും, ഗായകൻ ഹനാൻ ഷാ ഉൾപ്പെടെയുള്ളവരും ചടങ്ങിൽ പങ്കെടുത്തു.
മാത്യു കുഴൽനാടൻ എം.എൽ.എ, ഡി.സി.സി. മലപ്പുറം പ്രസിഡന്റ് വി.എസ്. ജോയ്, ഐ.വൈ.സി.സി. പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, വനിതാ വേദി കോ-ഓർഡിനേറ്റർ മുബീന മൻഷീർ, സംഘടന കോർ കമ്മിറ്റി അംഗങ്ങൾ, ബഹ്‌റൈനിലെ സാമൂഹിക, സംസ്ക്കാരിക മേഖലയിലുള്ളവർ എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരം സമ്മാനിച്ചത്.
പ്രവാസലോകത്ത് വർഷങ്ങളായി നിസ്വാർത്ഥമായ സേവനം അനുഷ്ഠിക്കുന്ന വ്യക്തിയാണ് വേണു വടകര. നാട്ടിലേയും വിദേശത്തേയും കാരുണ്യ, സാമൂഹിക വിഷയങ്ങളിൽ അദ്ദേഹം സജീവമായി ഇടപെടാറുണ്ട്. നോർക്കയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും, പ്രവാസി ക്ഷേമനിധി അംഗത്വം ചേർക്കുന്നതിലും, സർക്കാർ ആനുകൂല്യങ്ങൾ അർഹരായവർക്ക് വാങ്ങി നൽകുന്നതിലും അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമാണ്.
കണ്ണൂർ, മട്ടന്നൂർ മേഖലകളിൽ സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ധീരരക്തസാക്ഷി ഷുഹൈബ് എടയന്നൂരിന്റെ സ്മരണാർത്ഥമാണ് ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം നൽകുന്നത്. ഷുഹൈബ് മുൻപ് ഒരു പ്രവാസി കൂടിയായിരുന്നു. ഈ പുരസ്‌കാരം ഇതിനു മുൻപ് അഷ്‌റഫ് താമരശ്ശേരി, ശിഹാബ് കൊട്ടുകാട്, ബഷീർ അമ്പലായി, മനോജ് വടകര, സാബു ചിറമേൽ എന്നിവർക്ക് ലഭിച്ചിട്ടുണ്ട്.