/sathyam/media/media_files/skGyxnl5tQXofG7Lc9LO.jpg)
ബഹ്റൈൻ: ആഗോള പര്യടനം തുടരുന്ന ലോകകപ്പ് ക്രിക്കറ്റ് ട്രോഫി ബഹ്‌റൈനിൽ എത്തി. ലോകോത്തരപ്രതിഭകളുടെ കയ്യൊപ്പ് പതിഞ്ഞ ട്രോഫിയുടെ പ്രദർശനം ഇന്നലേയും ഇന്നുമായി നടന്നു. ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ആണ് പരിപാടി സംഘടപ്പിച്ചത്.
ഇന്നലെ ജുഫൈറിലെ അൽനജ്മ ക്ലബ്ബിൽനിന്ന് പുറപ്പെടുന്ന റോഡ് ഷോ ബാബ് അൽ ബഹ്റൈൻ, ബഹ്റൈൻ ബെയിലൂടെ കടന്നുപോയി. ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിലാണ് റോഡ് ഷോ സമാപിക്കുക. ബൈക്കുകളുടേയും ആരാധകരുടെ കാറുകളുടേയും അകമ്പടിയോടെ ക്രിക്കറ്റ് താരങ്ങൾ റോഡ് ഷോയിലണിനിരക്കും.
ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന്റെ മുന്നോടിയായാണ് ലോകകപ്പ് ട്രോഫി ടൂർ. ന്യൂസിലാന്റ്, ഓസ്ട്രേലിയ, പാപുവ ന്യൂ ഗിനി, യു.എസ്.എ, വെസ്റ്റ് ഇൻഡീസ്,പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, കുവൈറ്റ്, ബഹ്റൈൻ, ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട്, മലേഷ്യ, ഉഗാണ്ട, നൈജീരിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിങ്ങനെ 18 രാജ്യങ്ങളിൽ ട്രോഫി പ്രദർശിപ്പിക്കുന്നുണ്ട്.
ലോകകപ്പിനു മുമ്പായി ലോകമെങ്ങും ക്രിക്കറ്റ് ആവേശം എത്തിക്കുകയാണ് ഐ.സി.സിയുടെ ലക്ഷ്യം. ഇന്ത്യയിൽ നിന്ന് ആരംഭിച്ച പര്യടനം സെപ്തംബർ നാലിന് ആതിഥേയ രാജ്യത്തേക്ക് മടങ്ങിയെത്തും.
ഇന്ത്യ, ന്യൂസിലാൻഡ്, ആസ്ത്രേലിയ, യു.എസ്.എ, വെസ്റ്റ്ഇൻഡീസ്,പാകിസ്താൻ, ശ്രീലങ്ക,ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ പിന്നിട്ടാണ് ട്രോഫി ഇന്നലെ ബഹ്റൈനിൽ എത്തിച്ചേർന്നത്.
ബഹ്റൈനിൽനിന്ന് വീണ്ടും ഇന്ത്യയിലേക്കാണ് പ്രയാണം. ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട്, മലേഷ്യ, ഉഗാണ്ട, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രദർശനത്തിന്ശേഷം സെപ്റ്റംബർ നാലിന് ട്രോഫി പ്രയാണം വീണ്ടും ഇന്ത്യയിൽ തിരികെ എത്തും.