‘ബോൺകഫെ’ സൗദി വിപണിയിലേക്ക്. വഴി തുറക്കുന്നത് മലപ്പുറം സ്വദേശി

നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ കോഫി കമ്പനികളിലൊന്നാണ് മാസിമോ സനെറ്റി.

New Update
bon-cafe

ജിദ്ദ: ലോകോത്തര  ഇറ്റാലിയൻ കമ്പനിയായ  മാസിമോ സനെറ്റി ബെവറേജ് ഗ്രൂപ്പിന്റെ കീഴിലുള്ള  ഒരു പ്രമുഖ  കോഫി ബ്രാൻഡ് "ബോൺകഫെ" സൗദി വിപണിയിലും  പ്രവർത്തനം  ആരംഭിക്കുന്നു. 

Advertisment

 സൗദിയിലെ  പ്രമുഖ  ബിസിനസ് സംരംഭകരായ  റാകോ ഹോൾഡിങ്ങുമായി ചേർന്നാണ്  ബോൺകഫെ മിഡിൽ ഈസ്റ്റ്  സൗദിയിലേക്ക് കാലെടുത്ത് വെക്കുന്നത്.

ഇതുസംബന്ധിച്ച കരാറിൽ  റാകോ ഹോൾഡിങ്  മേധാവിയും ചെയർമാനുമായ  മലപ്പുറം  സ്വദേശി  റഹീം പട്ടർക്കടവനും ബോൺകഫെ മിഡിൽ ഈസ്റ്റ് മാനേജിങ് ഡയറക്ടർ അപർണ ബാരറ്റോയും ഇക്കഴിഞ്ഞ ദിവസം ഒപ്പിട്ടു. 

ഈ സംയുക്ത സംരംഭം ബോൺഅറേബ്യ കെ എസ് എ" എന്ന പേരിലായിരിക്കും  അറിയപ്പെടുകയെന്ന് ചെയർമാൻ  റഹീം പട്ടർക്കടവൻ  അറിയിച്ചു.

സൗദിയിലെ അതിവേഗം വളരുന്ന ഹോസ്പിറ്റാലിറ്റി മേഖലയെയും മാറുന്ന ഉപഭോക്തൃ താൽപ്പര്യങ്ങളെയും കണക്കിലെടുത്താണ്  സംയുക്ത  നീക്കം.  

ഇതിലൂടെ  ബോൺകഫെ, സെഗാഫ്രെഡോ തുടങ്ങിയ  രാജ്യാന്തര പ്രശസ്തമായ  കോഫി ബ്രാൻഡുകൾ  ഇനി  സൗദി  വിപണി കയ്യടക്കും.  

 റാകോ ഹോൾഡിങ്ങിന് സൗദി വിപണിയിലുള്ള ശക്തമായ സ്വാധീനവും പരിചയസമ്പത്തും ബോൺഅറേബ്യയുടെ വളർച്ചക്ക് കരുത്തേകും.

പ്രീമിയം കോഫിക്ക് പുറമെ ചായ, കൊക്കോ, ചോക്ലേറ്റ്, സ്പൈസസ് എന്നിവയും ഈ സംരംഭത്തിലൂടെ വിപണിയിലെത്തും.

പ്രീമിയം കോഫി ഉൽപന്നങ്ങൾക്കൊപ്പം പ്രഫഷനൽ കോഫി മെഷീനുകളും അനുബന്ധ സേവനങ്ങളും  സൗദി  ഉപഭോക്താക്കൾക്ക്  അനുഭവിക്കാം.

ലോകമെമ്പാടും 110-ഓളം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഗ്രൂപ്പാണ് മാസിമോ സനെറ്റി.

യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലായി 18 നിർമാണ യൂനിറ്റുകളും 50-ലധികം രാജ്യങ്ങളിലായി 230 കോഫി ഷോപ്പുകളും ഇവർക്കുണ്ട്. 

 40-ലധികം അന്താരാഷ്ട്ര ബ്രാൻഡുകൾ കൈകാര്യം ചെയ്യുന്ന ഈ ഗ്രൂപ് കാപ്പി ശേഖരണം മുതൽ വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ആഗോള നിലവാരം പുലർത്തുന്ന  സ്ഥാപനമാണ്.


1962 ൽ  സിംഗപ്പൂരിൽ   സ്വിസ് പൗരനായ വെർണർ ഏണസ്റ്റ് ഹ്യൂബർ  സ്ഥാപിച്ച  ബോൺകഫെ കമ്പനിയെ 2014 ൽ  മാസിമോ സനെറ്റി ബെവറേജ് ഗ്രൂപ്പ്  ഏറ്റെടുക്കുകയായിരുന്നു.  

നിലവിൽ  ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ കോഫി കമ്പനികളിലൊന്നാണ് മാസിമോ സനെറ്റി.   ഇതിനകം നിരവധി  സ്ഥാപനങ്ങളിലൂടെ  സൗദിയിൽ  ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചിട്ടുള്ള  റഹീം പട്ടർകടവൻ  ഏറ്റെടുത്ത പുതിയ സംരംഭം  ഗൾഫിലെ  മലയാളി സമൂഹത്തിന്  മറ്റൊരു  പൊൻതൂവൽ  കൂടിയാവുകയാണ്.

Advertisment