മുംബൈ: കാനഡ ആസ്ഥാനമായുള്ള പഞ്ചാബി ഗായകൻ ശുഭിന്റെ മുംബൈ സംഗീത പരിപാടി റദ്ദാക്കി. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ശുഭിന്റെ മുംബൈ പരിപാടി റദ്ദാക്കിയത്. ഇതോടെ ഇന്ത്യയിലേക്ക് വരാനുള്ള ശുഭിന്റെ എല്ലാ പദ്ധതികളും റദ്ധാക്കി. ഷോയ്‌ക്കായി ടിക്കറ്റ് വാങ്ങിയ എല്ലാ ഉപഭോക്താക്കൾക്കും ടിക്കറ്റ് തുക തിരിച്ചു നൽകാനുള്ള പ്രവർത്തനങ്ങൾ ബുക്ക്‌മൈ ഷോ ആരംഭിച്ചു.
ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജാറിന്റെ കൊലപാതകവും ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാരും തമ്മിൽ ബന്ധമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ ഇന്ത്യൻ ഹൈകമ്മീഷനിലെ നയതന്ത്രജ്ഞരെ കാനഡ പുറത്താക്കുകയും ചെയ്തു.
എന്നാൽ നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച കനേഡിയൻ സർക്കാരിന്റെ ആരോപണം കേന്ദ്ര സർക്കാർ പൂർണമായി തള്ളി. ഈ ആരോപണങ്ങളെ അസംബന്ധമെന്ന് വിശേഷിപ്പിച്ച സർക്കാർ, നിയമവാഴ്‌ചയോട് ഇന്ത്യയ്ക്ക് ശക്തമായ പ്രതിബദ്ധതയാണുള്ളതെന്നും വ്യക്തമാക്കി.
അതേസമയം ഇന്ത്യൻ നയതന്ത്രജ്ഞരെ പുറത്താക്കിയ കാനഡയുടെ തീരുമാനത്തിന് ബദലായി ഇന്ത്യയിലെ കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കി ഇന്ത്യ ഉത്തരവിറക്കി.