Advertisment

നിജ്ജാർ വധം; ഇന്ത്യയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നതായി ട്രൂഡോ

New Update
traudo

ഡല്‍ഹി: ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ബന്ധത്തെക്കുറിച്ച് രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കുകയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.

Advertisment

''ഇന്ത്യ ഗവണ്‍മെന്റിന്റെ ഏജന്റുമാരും കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ സജീവമായി പിന്തുടരുന്നു'' ഒട്ടാവയിലെ ഹൗസ് ഓഫ് കോമണ്‍സില്‍ സംസാരിക്കവെ ട്രൂഡോ പറഞ്ഞു.

ഇന്ത്യന്‍ സര്‍ക്കാര്‍ തിരയുന്ന ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ഈ വര്‍ഷം ജൂണ്‍ 18നാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വച്ചാണ് നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്. 

'ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഉന്നത രഹസ്യാന്വേഷണ സുരക്ഷാ ഉദ്യോഗസ്ഥരോട് കാനഡ അതിന്റെ ആഴത്തിലുള്ള ആശങ്കകള്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച, ജി20യില്‍, ഞാന്‍ വിഷയം വ്യക്തിപരമായി നേരിട്ടും പ്രധാനമന്ത്രി മോദിയുടെ ശ്രദ്ധയിലെത്തിച്ചു' കനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞു.

''സാധ്യമായ ഏറ്റവും ശക്തമായ നിബന്ധനകളോടെ ഈ വിഷയത്തിന്റെ സത്യമറിയാന്‍ കാനഡയുമായി സഹകരിക്കാന്‍ ഞാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു'' അദ്ദേഹം പറഞ്ഞു. ഇന്‍ഡോ-കനേഡിയന്‍ സമൂഹത്തോട് വിഷയത്തില്‍ ശാന്തത പാലിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ജി 20 ഉച്ചകോടിക്കിടെ നടന്ന യോഗത്തില്‍, കാനഡയില്‍ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ നടത്തുന്ന ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി ജസ്റ്റിന്‍ ട്രൂഡോയോട് തന്റെ ആശങ്ക അറിയിച്ചിരുന്നു. 

അതേസമയം, 'കാനഡയിലെ തീവ്രവാദ ഘടകങ്ങളുടെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനെ കുറിച്ച് അദ്ദേഹം (പ്രധാനമന്ത്രി മോദി) ശക്തമായ ആശങ്കകള്‍ അറിയിച്ചു. അവര്‍ വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയും നയതന്ത്ര സ്ഥാപനങ്ങളെ നശിപ്പിക്കുകയും കാനഡയിലെ ഇന്ത്യന്‍ സമൂഹത്തെയും അവരുടെ ആരാധനാലയങ്ങളെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു' പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പറഞ്ഞു.

അതിനിടെ, ഹൗസ് ഓഫ് കോമണ്‍സില്‍ ട്രൂഡോ നടത്തിയ പ്രസംഗത്തിന് പിന്നാലെ ഒരു ഇന്ത്യന്‍ നയതന്ത്രജ്ഞനെയും കാനഡ പുറത്താക്കി. രാജ്യത്തെ ഇന്ത്യന്‍ ഇന്റലിജന്‍സ് മേധാവിയെ പുറത്താക്കിയതായി കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളിയാണ് അറിയിച്ചത്.

 

Advertisment