ഓട്ടവ: ടെക് ടാലന്റ് സ്ട്രാറ്റജിയുടെ ഭാഗമായി ജൂണിൽ പ്രഖ്യാപിച്ച പുതിയ കാനഡ ഡിജിറ്റൽ നൊമാഡ് വിസ വർഷാവസാനത്തോടെ ആരംഭിക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു.
ലോകമെമ്പാടുമുള്ള ഏത് സ്ഥലത്തുനിന്നും ജോലി ചെയ്യാൻ കഴിയുന്ന ഒരു വ്യക്തിയാണ് ഡിജിറ്റൽ നോമാഡുകൾ. കാനഡയുടെ ഇമിഗ്രേഷൻ നിയമങ്ങൾ അനുസരിച്ച് ലോകത്തെവിടെ നിന്നും ജോലി ചെയ്യാൻ അതത് കമ്പനികൾ/തൊഴിലുടമകൾ (കാനഡയ്ക്ക് പുറത്ത്) അനുവദിച്ചിട്ടുള്ള ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കുള്ള സന്ദർശക വിസ മാത്രമാണ് കാനഡ ഡിജിറ്റൽ നോമാഡ് വിസ.
അപേക്ഷ സമർപ്പിച്ച് 2 മാസത്തിനുള്ളിൽ ഡിജിറ്റൽ നോമാഡുകൾക്കുള്ള സന്ദർശക വിസ അപേക്ഷകൾ പ്രോസസ്സ് ചെയ്യുക എന്നതാണ് നിലവിലെ ലക്ഷ്യമെന്നും ഐആർസിസി പറയുന്നു.
എന്നാൽ, ജോലി ചെയ്യാൻ കാനഡയിൽ പ്രവേശിക്കുന്ന ഇവർക്ക് കാനഡയിലെ തൊഴിലുടമയിൽ നിന്ന് ജോലി വാഗ്‌ദാനം ലഭിച്ചാൽ 3 വർഷം വരെ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ കഴിയും. ഇതുവഴി വിവിധ ഇമിഗ്രേഷൻ പ്രോഗ്രാമുകൾക്ക് കീഴിൽ കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനും സാധ്യത തുറക്കും.
നിലവിൽ, ഡിജിറ്റൽ നോമാഡ് വിസയ്ക്ക് കാനഡയ്ക്ക് പുറത്തുള്ള അവരുടെ നിലവിലെ ജോലിയുടെ ഡോക്യുമെന്റേഷൻ സഹിതം സാധാരണ കാനഡ സന്ദർശക വിസയ്ക്ക് അപേക്ഷിക്കാം.