മൂന്ന് പതിറ്റാണ്ട് പിന്നിട്ട പ്രവാസം മതിയാക്കി "ദേവേട്ടൻ"  മടങ്ങി

ജിസാനില്‍ പാവപ്പെട്ട പ്രവാസികളും സാധാരണ തൊഴിലാളികളും ദേവനെ ഒരു സംഘടനാ നേതാവയല്ല, സുഹൃത്തും സഹോദരനുമായാണ് കണ്ടിരുന്നത്

New Update
devan

ജിസാന്‍ (സൗദി അറേബ്യ):   32 വര്‍ഷത്തെ പ്രവാസ ജീവിതത്തിന്  വിരാമമിട്ട്  സാമൂഹിക പ്രവര്‍ത്തകനും ജിസാന്‍ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (ജല) മുഖ്യരക്ഷാധികാരിയുമായ വെന്നിയൂര്‍ ദേവന്‍ നാട്ടിലേക്ക് മടങ്ങി.  

Advertisment

ദക്ഷിണ സൗദിയിലെ  ജിസാനിലെ പ്രവാസി സമൂഹത്തിന്റെ 'ദേവേട്ടന്‍'  പ്രവാസ ജീവിതത്തിലെ  അനുഭവങ്ങളും ഓർമകളും "ദേവേട്ടനൊപ്പം"  എന്ന യാത്രയയപ്പ് പരിപാടിയിൽ സദസ്സുമായി പങ്ക് വെച്ചു. 

ജിസാനിലെ വിവിധ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും സുഹൃത്തുക്കളും ഒത്തുചേര്‍ന്നാണ്  യാത്രയയപ്പ്  സംഘടിപ്പിച്ചത്. 

വേറിട്ട സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജിസാനിലെ പ്രവാസി സമൂഹത്തിന്റെ ഹൃദയത്തില്‍ ഇടം നേടിയ വെന്നിയൂര്‍ ദേവന്‍ സമൂഹത്തിനാകെ മാതൃകയാണെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ജിസാന്‍ മഅബൂജ് ഹാളില്‍ നടന്ന ചടങ്ങില്‍ ജല കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ഫൈസല്‍ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. ജല ജനറല്‍ സെക്രട്ടറി സലാം കൂട്ടായി വെന്നിയൂര്‍ ദേവന് പ്രശംസാ ഫലകം കൈമാറി. ജിസാനിലെ പ്രവാസി സാമൂഹിക രംഗത്ത് ദേവന്‍ നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജല രക്ഷാധികാരി താഹ കൊല്ലേത്ത് വിശദീകരിച്ചു.
 

ജിസാന്‍ തനിമ സാംസ്‌കാരിക വേദിയുടെ ആശംസാ ഫലകം മുഹമ്മദ് ഇസ്മായില്‍ മാനു, ഷാഹിന്‍ കെവിടന്‍, നാസര്‍ കാപ്പില്‍, ഷെഫീക്ക് റഹ്‌മാന്‍, സജീര്‍ കൊടിയത്തൂര്‍ എന്നിവര്‍ വെന്നിയൂര്‍ ദേവന് കൈമാറി. ജല ഏരിയ സെക്രട്ടറി അന്തുഷ ചെട്ടിപ്പടി സ്വാഗതവും പ്രസിഡന്റ് സലീം മൈസൂര്‍ നന്ദിയും പറഞ്ഞു. ശിഹാബ് കരുനാഗപ്പള്ളി, അഷറഫ് മണ്ണാര്‍കാട്, മുനീര്‍ നീരോല്‍പ്പാലം, ജോര്‍ജ് തോമസ്, മുസ്തഫ പട്ടാമ്പി, ഗഫൂര്‍ പൊന്നാനി, ജമാല്‍ കടലുണ്ടി,വസീം മുക്കം, മോഹന്‍ദാസ്, ബാലന്‍ കൊടുങ്ങല്ലൂര്‍, മുസ്തഫ പൂവത്തിങ്കല്‍, ഷാജി കരുനാഗപ്പള്ളി ,ഹക്കീം വണ്ടൂര്‍ ,അഷറഫ് മച്ചിങ്ങല്‍, ജാഫര്‍ താനൂര്‍, അഷറഫ് പാണ്ടിക്കാട്, വത്സരാജന്‍, സനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

തൊഴിലില്ലാത്തവര്‍ക്കും രോഗികളായവര്‍ക്കും നിയമപ്രശ്‌നങ്ങള്‍ മൂലം കുടുംബങ്ങളിലെത്താന്‍ കഴിയാതെ ദുരിതം അനുഭവിച്ച നൂറുകണക്കിന് പ്രവാസികള്‍ക്കും ആശ്വാസമേകാന്‍ ദേവന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞതായി ജിസാനിലെ സംഘടനാ നേതാക്കള്‍ അനുസ്മരിച്ചു. 

devan

തൊഴില്‍ ഇടങ്ങളിലെ പീഡനം, മരണം, അപകടങ്ങള്‍ തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും പ്രവാസികള്‍ക്ക് സഹായം എത്തിക്കുന്നതില്‍ എന്നും ദേവന്‍ മുന്‍പന്തിയിലായിരുന്നു.

 സാമൂഹിക സേവനത്തിനപ്പുറം മനുഷ്യനെന്ന നിലയില്‍ മറ്റൊരാളുടെ കൈ പിടിക്കാനുള്ള അദ്ദേഹത്തിന്റെ സഹൃദയത്വമായിരുന്നു ആ ഇടപെടലുകളെല്ലാം. അത് കേവലം സഹായമോ കാരുണ്യ പ്രവര്‍ത്തനമോ എന്നതിനപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൊതുപ്രവര്‍ത്തകന്റെ സഹജീവികളോടുള്ള കരുതലായിരുന്നു.

 ജിസാന്‍ സാംതയിലെ ഹൂത്തി ഷെല്‍ ആക്രമണങ്ങളില്‍ മരണമടഞ്ഞ മലയാളികള്‍ക്കും പരിക്കേറ്റവര്‍ക്കും സഹായമെത്തിക്കുന്നതിനും കോവിഡ് കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലും ശ്രദ്ധേയമായി ഇടപെടലുകള്‍ നടത്തി.

 ജിസാനില്‍ പാവപ്പെട്ട പ്രവാസികളും സാധാരണ തൊഴിലാളികളും ദേവനെ ഒരു സംഘടനാ നേതാവയല്ല, സുഹൃത്തും സഹോദരനുമായാണ് കണ്ടിരുന്നത്.

മലപ്പുറം ജില്ലയിലെ വെന്നിയൂര്‍ ഗ്രാമത്തില്‍ ജനിച്ച ദേവന്‍  കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് പ്രീഡിഗ്രിയും ചെന്നൈ അടയാര്‍ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇലക്ട്രോണിക്‌സില്‍ ഡിപ്ലോമയും നേടിയശേഷം 1994 ലാണ് റിയാദിലെത്തുന്നത്.  

 റിയാദിലെ ജഫാലി ബ്രദേഴ്സ് കമ്പനിയില്‍ എയര്‍കണ്ടീഷന്‍ ഇന്‍സ്റ്റലേഷന്‍ സൂപ്പര്‍വൈസര്‍, കോണ്‍ട്രാക്ടര്‍ എന്നീ നിലകളില്‍ കുറച്ചു കാലം പ്രവര്‍ത്തിച്ചു.

തുടര്‍ന്ന് എട്ടു വര്‍ഷത്തോളം പ്രമുഖ ഇന്ത്യന്‍ കമ്പനിയായ ടെലികമ്യൂണിക്കേഷന്‍ കണ്‍സല്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡില്‍ സേവനമനുഷ്ഠിച്ചു. അതിനുശേഷം എസ്.ടി.സി സൊലൂഷന്‍സ് കമ്പനിയില്‍ ചേര്‍ന്നു. കമ്പനിയില്‍ റിക്കര്‍, ടെക്നീഷ്യന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷം 2023 ല്‍ ടെക്നിക്കല്‍ സൂപ്പര്‍വൈസറായാണ് അദ്ദേഹം വിരമിച്ചത്.

 രണ്ടുവര്‍ഷമായി ജിസാനില്‍ സ്വന്തമായി ബിസിനസ് നടത്തിവരുകയായിരുന്നു.

2006 ല്‍ ജിസാനിലെത്തിയ ദേവന്‍ പ്രവാസികളുടെ നാനാവിധ പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് പൊതുരംഗത്ത് സജീവമാകുകയായിരുന്നു.

ജിസാനിലെ പ്രവാസികളുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ ജിസാന്‍ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്റെ (ജല) രൂപീകരണത്തില്‍ മുഖ്യപങ്കുവഹിച്ച അദ്ദേഹം മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ജലയുടെ മുഖമായി മാറി.

ജലയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അദ്ദേഹം സംഘടനയുടെ രൂപീകരണം മുതല്‍ പത്തു വര്‍ഷക്കാലം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനു ശേഷം രക്ഷാധികാരി, മുഖ്യരക്ഷാധികാരി എന്നീ നിലയിലും വേറിട്ട സാമൂഹിക പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.

പ്രവാസികള്‍ക്കിടയില്‍ മതേതരത്വവും പുരോഗമന ചിന്തകളും വളര്‍ത്തുന്നതില്‍ അക്ഷീണം പ്രവര്‍ത്തിച്ച ദേവന്‍ നാട്ടിലേക്ക് മടങ്ങുന്ന ഘട്ടം വരെയും കര്‍മ്മനിരതനായിരുന്നു. ദീര്‍ഘകാലം കൈരളി ടിവിയിലെ പ്രവാസലോകം പരിപാടിയുടെ കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രവാസലോകത്തെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നാട്ടിലും തുടരുമെന്ന് വെന്നിയൂര്‍ ദേവന്‍ പറഞ്ഞു. 

ജോഷ്ണയാണ് ജീവിത പങ്കാളി. മക്കളായ രവിരാജ്, ഗായത്രി സരോജിനി, ഗൗരി ദേവ് എന്നിവര്‍ നാട്ടില്‍ വിദ്യാര്‍ത്ഥികളാണ്.

നാസര്‍ വി.ടി ഇരുമ്പുഴി (കെ.എം.സി.സി), നാസര്‍ ചേലേമ്പ്ര (ഒ.ഐ.സി.സി), അനസ് ജൗഹരി (ഐ.സി.എഫ്), മുഹമ്മദ് ഇസ്മായില്‍ മാനു (തനിമ), ജല ട്രഷറര്‍ ഡോ.ജോ വര്‍ഗീസ്, സെക്രട്ടറിമാരായ സണ്ണി ഓതറ, അനീഷ് നായര്‍, വൈസ് പ്രസിഡന്റുമാരായ ഡോ. രമേശ് മൂച്ചിക്കല്‍, ഹനീഫ മൂന്നിയൂര്‍, രക്ഷാധികാരിമാരായ എം.കെ ഓമനക്കുട്ടന്‍, മൊയ്തീന്‍ ഹാജി ചേലക്കര, മനോജ് കുമാര്‍, സതീഷ് കുമാര്‍ നീലാംബരി, കേന്ദ്ര കമ്മിറ്റിഅംഗങ്ങളായ ഹര്‍ഷാദ് അമ്പയക്കുന്നുമ്മേല്‍, ജബ്ബാര്‍ പാലക്കാട്, അല്‍അമീന്‍, സമീര്‍ പരപ്പനങ്ങാടി, ഫ്ളവേഴ്സ് ചാനല്‍ കോമഡി താരം ഫൈസല്‍ പെരുമ്പാവൂര്‍, കോശി ചുങ്കത്തറ, സലാം എളമരം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 

ജിദ്ദ നവോദയയുടെ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, കെ.എം.സി.സി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി, കെ.എം.സി.സി ജിസാന്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂര്‍ എന്നിവരുടെ വീഡിയോ സന്ദേശങ്ങളും വെന്നിയൂര്‍ ദേവനെക്കുറിച്ചുള്ള ഡോക്യുമെന്ററിയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

Advertisment