ദുബായ്: ഇന്ധനവിലയ്ക്ക് പിന്നാലെ പാഞ്ഞുകയറി സ്വർണവിലയും. കഴിഞ്ഞ ആഴ്ച വ്യാപാരം നിർത്തുമ്പോൾ 24 കാരറ്റ് സ്വർണത്തിന് 270.5 ദിർഹമായിരുന്നു വില. എന്നാൽ ഇന്നലെ അത് ഗ്രാമിന് 3 ദിർഹത്തിന്റെ വർധനയുണ്ടായി 24 കാരറ്റ് സ്വർണത്തിന് 273.75 ദിർഹമായി. മാർച്ച് മാസം മാത്രം 17 ദിർഹത്തിന്റെ വർധനയാണ് ഒരു ഗ്രാം സ്വർണത്തിലുണ്ടായത്.
അമേരിക്കൻ ഫെഡറൽ റിസർവിന്റെ പുതിയ തീരുമാനം വരെ സ്വർണവിലയിലെ ഈ കുതിപ്പ് തുടരുമെന്നാണ് സൂചന. ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രഖ്യാപനമാണ് ഡോളറിനു പകരം ആളുകൾ സ്വർണത്തിൽ പണം മുടക്കാൻ തുടങ്ങിയതാണ് വില കുതിച്ചുയരാൻ കാരണം.
22 കാരറ്റിന് 253.5 ദിർഹവും 21 കാരറ്റിന് 245.25 ദിർഹവും 18 കാരറ്റിന് 210.25 ദിർഹവുമാണ് ഇന്നലത്തെ വില. ഔൺസിനു ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 2,259.85 ഡോളറിനാണ് ഇന്നലെ വ്യാപാരം നടന്നത്. മുൻ വ്യാപാരത്തേക്കാൾ 1% വർധന.