വൃത ശുദ്ധിയുടെ നോമ്പുകാലത്ത് മനുഷ്യത്വം നിറയുന്ന ദുബായ് – ഷാർജ റോഡുകൾ; ട്രാഫിക് സിഗ്നലുകളിലെ ഇഫ്താർ കിറ്റ് വിതരണം ഏറ്റെടുത്ത് ജനങ്ങൾ

പൊലീസും മുനിസിപ്പാലിറ്റിയും ആർടിഎയും വിവിധ സർക്കാർ വകുപ്പുകളും റെഡ് ക്രെസന്റുമെല്ലാം കൈകോർക്കുന്ന അതിവിപുല പദ്ധതിയായാണ് കിറ്റ് വിതരണം നടത്തുന്നത്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
iftar kit distribution

ദുബായ്: വൃത ശുദ്ധിയുടെ നോമ്പുകാലത്ത് ശരീരവും മനസ്സും ഒന്നാകുമ്പോൾ ചുറ്റുപ്പാടും അതിന് തയ്യാറെടുക്കുന്നു. തിരക്കിട്ട ജീവിത സാഹചര്യങ്ങളും ശാരീരിക ഘടനയുമെല്ലാം നോമ്പുകാലത്തിന് അനുസൃതമായി മാറുമ്പോൾ പരസ്പരം കാണുന്ന കണ്ണുകൾ പോലും ഭക്തനിർഭരമായിത്തീരുന്നു. എല്ലാവരുടെയും ചിന്തയും പ്രതികരണവും ഒന്നായി മാറുമ്പോൾ പരസ്പരം സഹായിക്കാൻ കൈകൾ വെമ്പും. നോമ്പുകാലത്തിന്റെ തിരക്കും ശാന്തയും ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത് ​ഗൾഫ് രാജ്യങ്ങളിലാണ്. സാധാരണ ദിവസങ്ങളിൽ വൈകുന്നേരം അഞ്ചോടെ ചീറിപ്പായുന്ന ദുബായ് – ഷാർജ റോഡ് നോമ്പുകാലത്ത് ശാന്തമാകും.  നോമ്പുതുറയ്ക്കു ബാങ്ക് വിളിക്കുമ്പോൾ ഷാർജയിലെ റോഡിലൂടെ പോകുന്നവർക്ക് കേരളത്തിലെ ഹർത്താൽ ഓർമ വരും. 

Advertisment

നോമ്പുകാലമായാൽ പൊതു ഇടങ്ങളിലും വീടുകളിലുമായി  ലക്ഷക്കണക്കിനു മനുഷ്യരാണ് സൗജന്യമായി നോമ്പുതുറക്കുന്നത്. പരസ്പരം കണ്ടിട്ടും മിണ്ടിയിട്ടും പോലുമില്ലാത്ത ആളുകൾ പരസ്പരം ചേർന്നു നിന്ന് സൗഹൃദത്തോടെ ഭക്ഷണം പങ്കുവെച്ചു കളിക്കുന്നത് കാണുന്നത് തന്നെ മനസ്സ് നിറയ്ക്കും. ക്രിസ്ത്യനും ഹിന്ദുവും മതമുള്ളവനും ഇല്ലാത്തവരും ഉണ്ടാകും. നോമ്പുള്ളവനൊപ്പം നോമ്പില്ലാത്തവനും കാണും. ഒരു വ്രതത്തിനു മുന്നിൽ അലിഞ്ഞില്ലാതാകുന്ന മനുഷ്യ മതിൽക്കെട്ടിന്റെ ഉത്തമ മാതൃക. 

ട്രാഫിക് സിഗ്നലുകളിലെ ഇഫ്താർ കിറ്റ് വിതരണം റമസാനിലെ മനോഹര കാഴ്ചയെന്നതിനപ്പുറം ചിന്തിപ്പിക്കുന്ന കാര്യം കൂടിയാണ്. പൊലീസും മുനിസിപ്പാലിറ്റിയും ആർടിഎയും വിവിധ സർക്കാർ വകുപ്പുകളും റെഡ് ക്രെസന്റുമെല്ലാം കൈകോർക്കുന്ന അതിവിപുല പദ്ധതിയായാണ് കിറ്റ് വിതരണം നടത്തുന്നത്. നോമ്പുതുറ സമയത്ത് വാഹനങ്ങളിലുള്ളവർക്ക് കൃത്യ സമയത്ത് നോമ്പു തുറക്കാൻ ആവശ്യമായവയാണ് വിതരണം ചെയ്യുന്നത്. ദുബായുടെ കിറ്റ് ഉൽസാഹത്തോടെ വിതരണം ചെയ്യുന്നത് ഒരു ഫിലിപ്പിൻസുകാരനാണ്. ഏറ്റുവാങ്ങുന്നത് മറ്റൊരു രാജ്യക്കാരും. 

നോമ്പു തുറക്കൽ തിരക്കിൽ അലക്ഷ്യമായും അമിത വേഗത്തിലും വാഹനം ഓടിക്കാതിരിക്കാനുള്ള വലിയ കരുതലിന്റെ പ്രതീകമാണ് ട്രാഫിക് സിഗ്നലിലെ കിറ്റ് വിതരണം. പതിനായിരക്കണക്കിന് കിറ്റുകളാണ് ദിവസവും ട്രാഫിക് സിഗ്നലുകളിൽ നൽകുന്നത്. വൈകുന്നേരം അഞ്ചിന് ഇവ സിഗ്നലുകളിലെത്തും. വാഹനങ്ങൾ നിർത്തുന്ന ഭാഗത്തേക്ക് സന്നദ്ധ സേവകരെത്തും. നിങ്ങളുടെ വണ്ടിയിൽ എത്ര പേരുണ്ടോ അത്രയും പേർക്കും കിട്ടും പൊതികൾ. കൂടുതൽ വേണമെങ്കിൽ അതും ആവശ്യപ്പെടാം. നോമ്പുണ്ടോ എന്ന് പോലും ആരും ചോദിക്കില്ല. ലഭിക്കുന്ന പൊതികൾ വേണ്ടെന്നു പറയരുത്, അത് തരുന്നവർക്കു പ്രയാസമുണ്ടാക്കും. വാഹനത്തിലിരിക്കുന്ന ഇംഗ്ലിഷ് പൗരനു നേരെ കിറ്റ് നീട്ടിയ ഫിലിപ്പീനി പെൺകുട്ടിയോട് അദ്ദേഹം സ്നേഹത്തിൽ പറഞ്ഞു, എനിക്ക് നോമ്പില്ല സഹോദരി. അത് മറ്റൊരാൾക്കു കൊടുക്കു. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടേയെന്ന്. 

ആ പായ്ക്കറ്റിൽ ഈന്തപ്പഴമുണ്ടാകും, വെള്ളമുണ്ടാകും, ബിസ്കറ്റും പഴങ്ങളുമുണ്ടാകും. റമസാൻ ഒന്നു മുതൽ തുടങ്ങുന്ന വിതരണം, ചെറിയ പെരുന്നാളു വരെ തുടരും. വിതരണം ചെയ്യുന്ന ഓരോ വിഭവത്തിന്റെയും ഗുണമേന്മ ഉറപ്പു വരുത്തിയതാണ്. ഇതിനു പുറമേ മറ്റു ചില കാഴ്ചകൾ കൂടി ഈ നോമ്പുകാലത്തുണ്ട്. ഓഫിസിൽ നിന്ന് നേരത്തെ ഇറങ്ങുന്ന ചിലർ അവർ ആദ്യം പോകുന്നത് സൂപ്പർ മാർക്കറ്റുകളിലേക്ക്. അവരുടെ വാഹനത്തിൽ ഇഫ്താർ കിറ്റുകൾ കുത്തി നിറയ്ക്കും. വീട്ടിലേക്കു പോകുന്ന വഴിയിൽ കാണുന്നവർക്കൊക്കെ കൊടുക്കും. അങ്ങനെ, എന്തെല്ലാം  മനുഷ്യത്വം മണക്കുന്ന കാഴ്ചകളാണ് നോമ്പു കാലം സമ്മാനിക്കുന്നത്.

Advertisment