പണം തട്ടുന്നതിനും അക്കൗണ്ടുകളിൽ നുഴഞ്ഞു കയറുന്നതിനും ഫോൺ വിളി, ഇമെയിൽ, എസ്എംഎസ്, സമൂഹ മാധ്യമ ലിങ്ക് എന്നീ മാർഗങ്ങൾ; ബാങ്കിങ് വിവരങ്ങൾ പുതുക്കാൻ എന്ന പേരിൽ ജനങ്ങളെ ഫോണിൽ ബന്ധപ്പെട്ടു തട്ടിപ്പ്; ദുബായിൽ പിടിയിലായത് 494 പേർ

ഒരു ബാങ്കും ഫോണിലൂടെ അക്കൗണ്ട് വിവരങ്ങൾ അന്വേഷിക്കില്ല. അങ്ങനെ അപ്ഡേറ്റ് ചെയ്യേണ്ട വിവരങ്ങൾ ബാങ്കിന്റെ ശാഖ വഴിയോ ബാങ്ക് ആപ്ലിക്കേഷൻ വഴിയോ ചെയ്യണം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bank

ദുബായ്:  ദുബായ് കേന്ദ്രീകരിച്ച് പണം തട്ടിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നതായി ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ. ബാങ്കിങ് വിവരങ്ങൾ പുതുക്കാൻ എന്ന പേരിൽ ജനങ്ങളെ ഫോണിൽ ബന്ധപ്പെട്ടു തട്ടിപ്പു നടത്തിയ  494 പേരെ അറസ്റ്റ് ചെയ്തതായി ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ അറിയിച്ചു. 

Advertisment

ഏതാണ്ട് 406 ഫോൺ വിളി കേസുകളാണ് അറസ്റ്റിലായവരുടെ പേരിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പണം തട്ടുന്നതിനും അക്കൗണ്ടുകളിൽ നുഴഞ്ഞു കയറുന്നതിനും ഫോൺ വിളി, ഇമെയിൽ, എസ്എംഎസ്, സമൂഹ മാധ്യമ ലിങ്ക് എന്നീ മാർഗങ്ങളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ഇതിനായി ഉപയോ​ഗിച്ച പണം, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, സിം കാർഡുകൾ എന്നിവ പിടിക്കപ്പെട്ടവരിൽ നിന്നു പിടിച്ചെടുത്തു. 

ധനകാര്യ സ്ഥാപനങ്ങളുടെ പേരിൽ വിളിക്കുന്നവരോട് ബാങ്ക് വിവരങ്ങളോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ പങ്കുവയ്ക്കരുതെന്ന് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ വിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഹരീബ് അൽ ഷംസി പറഞ്ഞു. അക്കൗണ്ട് അല്ലെങ്കിൽ കാർഡ് ബ്ലോക്ക് ആയെന്നോ മരവിപ്പിച്ചെന്നോ പറഞ്ഞാണ് തട്ടിപ്പുകാർ കുടുക്കുക. 

ഇത്തരം സന്ദേശങ്ങളെ അവഗണിക്കണമെന്നും ബ്രിഗ. ഹരീബ് പറഞ്ഞു. ഒരു ബാങ്കും ഫോണിലൂടെ അക്കൗണ്ട് വിവരങ്ങൾ അന്വേഷിക്കില്ല. അങ്ങനെ അപ്ഡേറ്റ് ചെയ്യേണ്ട വിവരങ്ങൾ ബാങ്കിന്റെ ശാഖ വഴിയോ ബാങ്ക് ആപ്ലിക്കേഷൻ വഴിയോ ചെയ്യണം. 

തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ദുബായ് പൊലീസിനെ വിവരം അറിയിക്കണം. ദുബായ് പൊലീസ് ആപ്, ഇ ക്രൈം പ്ലാറ്റ്ഫോം, സ്മാർട് പൊലീസ് സ്റ്റേഷൻ, 901 കോൾ സെന്റർ എന്നിവയിലും പരാതിപ്പെടാം

Advertisment