/sathyam/media/media_files/EzbR9FzkH7VfOiWNTrYl.jpg)
ദുബായ്: കഴിഞ്ഞ ദിവസങ്ങളിൽ നിലയ്ക്കാതെ പെയ്ത പേമാരിയിൽ കുളിരണിഞ്ഞ ദുബായിലേക്ക് വീണ്ടും മഴയെത്തുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വീണ്ടും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത. ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. യു.എ.ഇയില്‍ കഴിഞ്ഞ ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയില്‍ നാലുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാൻ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം യു.എ.ഇയിലെ ദുബൈയിലേക്കും ഇസ്രായേലിലെ തെൽ അവീവിലേക്കുമുള്ള സർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യ. യു.എ.ഇയിൽ കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴ വിമാന സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്.
ദുബൈ എയർപോർട്ട് റൺവേ വെള്ളത്തിൽ മുങ്ങിയിരുന്നു. നിരവധി അന്താരാഷ്ട്ര സർവീസുകളാണ് ഇതുകാരണം മുടങ്ങിയത്. ദുബൈയിൽ ഇറങ്ങേണ്ട വിമാനങ്ങളുടെ നിയന്ത്രണം 48 മണിക്കൂർ കൂടി നീട്ടിയിട്ടുണ്ട്.
ദുബൈയിൽ നിന്നുള്ള സർവീസുകളും താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ബുക്ക് ചെയ്ത ടിക്കറ്റുകൾ ഈ മാസം 21 വരെ മറ്റൊരു ദിവസത്തേക്ക് മാറ്റിയെടുക്കാം. റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് റീഫണ്ടും നൽകും.
ഇസ്രായേലിലെ തെൽ അവീവിലേക്കുള്ള സർവീസുകളും എയർ ഇന്ത്യ നിർത്തിവെച്ചിട്ടുണ്ട്. ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏപ്രിൽ 30 വരെയാണ് സർവീസുകൾ നിർത്തിവെച്ചിരിക്കുന്നത്.