യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ കീശകാലിയാക്കി വിമാനക്കമ്പനികൾ; അനുനിമിഷം ഉയരുന്ന ടിക്കറ്റ് നിരക്കിൽ ആശങ്കപ്പെട്ട് യാത്രക്കാർ

ടൂറിസ്റ്റുകളുടെ വർധന മൂലം ടിക്കറ്റ് നിരക്കിന് പിന്നാലെ ഹോട്ടൽ മുറി വാടകയും ഉയർത്തി

New Update
uae

അബുദാബി: ഈദുൽ ഫിത്റിന് നീണ്ട അവധി പ്രഖ്യാപിച്ചതോടെ യുഎഇയിൽ  കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് മൂന്നിരട്ടിയായി വർധിച്ചു. ഇന്ത്യയിലെ തിരഞ്ഞെടുപ്പും യുഎഇയിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കാരുടെ തിരക്കും കൂടിയ സാഹചര്യത്തിൽ പെരുന്നാളും വിഷുവും നാട്ടിൽ ആഘോഷിക്കാൻ ആ​ഗ്രഹിക്കുന്ന പ്രവാസി കുടുംബത്തിന് വൻതുക ചെലവഴിക്കേണ്ടിവരും.
‌‌
വരും ദിവസങ്ങളിൽ നിരക്ക് ഇനിയും ഉയരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഒരാഴ്ച മുൻപ് ദുബായിൽനിന്ന് കൊച്ചിയിലേക്ക് 400 ദി‍ർഹത്തിന് (9096 രൂപ) കിട്ടിയിരുന്ന വൺവേ ടിക്കറ്റിന് ഇപ്പോൾ 1200 ദിർഹത്തിന് (27,289 രൂപ) മുകളിലായി. അവശേഷിക്കുന്ന സീറ്റിലെ നിരക്ക് അനുനിമിഷം ഉയരുകയാണ്. 

Advertisment

മറ്റു രാജ്യങ്ങൾ വഴി പോകുന്ന കണക്‌ഷൻ വിമാനങ്ങളിലും പൊള്ളുന്ന നിരക്കാണെന്ന വസ്തുതയും പ്രവാസിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.

മധ്യവേനൽ അവധിക്കു കേരളത്തില‍െ സ്കൂളുകൾ അടച്ചതോടെ യുഎഇയിലേക്കുള്ള ടിക്കറ്റു നിരക്കും വർധിച്ചിരുന്നു.  പെരുന്നാൾ ദിനങ്ങളും വാരാന്ത്യങ്ങളും ചേർത്ത് യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് 9 ദിവസം അവധി ലഭിച്ചതോടെയാണ് വിദേശങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം വർധിച്ചത്. 

നാട്ടിൽ പോകാൻ സാധിക്കാത്തവർ രണ്ടോ നാലോ ദിവസത്തെ വിനോദസഞ്ചാരത്തിന് വിദേശത്തേക്കു പോകുന്ന പ്രവണതയും വർധിച്ചിട്ടുണ്ടെന്ന് ട്രാവൽ വിദഗ്ധർ പറയുന്നു. പെരുന്നാൾ ആഘോഷിക്കാൻ യുഎഇയിലെത്തുന്ന വിദേശികളുടെ എണ്ണം കൂടിയതോടെ രാജ്യത്തെ വിമാനത്താവളങ്ങൾ സജീവമായിരിക്കുകയാണ്. ടൂറിസ്റ്റുകളുടെ വർധന മൂലം ടിക്കറ്റ് നിരക്കിന് പിന്നാലെ ഹോട്ടൽ മുറി വാടകയും ഉയർത്തി.

Advertisment