/sathyam/media/media_files/2025/09/20/5c691b95-9c08-4d39-94b8-3fcfffd72870-2025-09-20-22-43-00.jpeg)
ദോഹ: രാജ്യത്തെ ജനാധിപത്യത്തിന്റെ അടിസ്ഥാനം തിരഞ്ഞെടുപ്പ് സംവിധാനമാണെന്നും അതിൽ ജനങ്ങളുടെ വിശ്വാസം ഉറപ്പാക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർണായക പങ്ക് വഹിക്കണമെന്നും ഇന്ത്യയുടെ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. എസ്.വൈ. ഖുറേഷി അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളുടെ മാത്രമല്ല, രാഷ്ട്രീയ കക്ഷികളുടെയും—പ്രത്യേകിച്ച് പ്രതിപക്ഷ പാർട്ടികളുടെയും—ആശങ്കകളെ ഗൗരവത്തോടെ പരിഗണിക്കണമെന്നും, അവരെ വിശ്വാസത്തിൽ എടുത്തുകൊണ്ടാണ് മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ പാർട്ടികൾക്ക് ജനങ്ങളുടെ വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നും അവരുടെ ശബ്ദം അവഗണിക്കുന്നത് ജനാധിപത്യത്തെ ദുർബലമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മറുപടി നിരാശാജനകമാണെന്നും, ജനാധിപത്യത്തിൽ പാർട്ടികൾ തമ്മിലുള്ള വിശ്വാസവും സമത്വവും ഉറപ്പാക്കേണ്ടത് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും ഡോ. ഖുറേഷി അഭിപ്രായപ്പെട്ടു. ഇത്തരം സമീപനം ജനങ്ങളിൽ സംശയങ്ങൾക്കും അവിശ്വാസത്തിനും ഇടയാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനും തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനുമുള്ള പ്രധാന ചുമതല തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും, അത് രാജ്യത്തിന്റെ ഭാവി ജനാധിപത്യാരോഗ്യത്തിനും രാഷ്ട്രീയ സംസ്കാരത്തിനും അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒഐസിസി–ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 19/09/2025 ദോഹയിൽ ഒലിവ് ഇൻ്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച, ഡോ. ഖുറേഷിയുടെ പ്രശസ്ത ഗ്രന്ഥങ്ങളായ An Undocumented Wonder: The Making of the Great Indian Election , Democracy’s Heartland: Inside The Battle For Power in South Asia എന്നീ കൃതികളുടെ വിദേശത്തിലെ ആദ്യ പ്രകാശനത്തോടനുബന്ധിച്ച പരിപാടിയിലായിരുന്നു അദ്ദേഹം സംസാരിച്ചത്.
“NRI വോട്ടവകാശം: സാധ്യതകളും വെല്ലുവിളികളും” എന്ന വിഷയവുമായി ബന്ധപ്പെട്ട സംവാദത്തിൽ വിവിധ പ്രവാസി സംഘടനാ പ്രതിനിധികളുമായി സംവദിക്കവെയാണ് അദ്ദേഹം ഈ അഭിപ്രായം രേഖപ്പെടുത്തിയത്. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കും ജനാധിപത്യത്തിൽ നേരിട്ട് പങ്കാളികളാകാനുള്ള അവകാശം ഉറപ്പാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അതിനായി തിരഞ്ഞെടുപ്പ് കമ്മീഷനും ഭരണകൂടവും കൂടുതൽ ഗൗരവത്തോടെ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രോഗ്രാം കമ്മിറ്റിയുടെ ചെയർമാൻ ജൂട്ടാസ് പോൾ ഉദ്ഘാടനം നിർവഹിച്ചു. കൺവീനർ ജീസ് ജോസഫ് സ്വാഗതം ആശംസിച്ചു. ഒഐസിസി–ഇൻകാസ് ഖത്തർ ജനറൽ സെക്രട്ടറി ശ്രിജിത്ത് എസ്. നായർ, ഗ്ലോബൽ അംഗങ്ങളായ ജോൺ ഗിൽബർട്ട്, നാസർ വടക്കേക്കാട്, യൂത്ത് വിംഗ് പ്രസിഡൻറ് നദീം മാനാർ, സീനിയർ കമ്മ്യൂണിറ്റി നേതാക്കളായ നിലാഗുഷ് ഡേ, കെ.എസ്. പ്രസാദ്, മിലൻ അരുൺ, ഒലിവ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പാൾ ജേക്കബ് മാത്യു, ഷൈനികബീർ എന്നിവർ സംസാരിച്ചു.
വിവിധ പ്രവാസി സംഘടനാ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു. ഒഐസിസി–ഇൻകാസ് ഭാരവാഹികളായ നിയാസ് ചെരുപ്പത്ത്, സലീം ഇടശ്ശേരി, ജോർജ് കുരുവിള, നിഹാസ് കൊടിയേരി, ഷംസുദീൻ ഇസ്മായിൽ, നൗഷാദ് ടി.പി., മുജീബ് വലിയകത്ത്, ലിജോ മാമ്മൻ, സാഹിർ, മാഷിക്ക് മുസ്തഫ, ജോബി, ഷാഹിൻ മജീദ്, ലിയോ, അനിൽ കുമാർ, മുഹമ്മദ്റാഫി, ബാബുജി, ഹാഷിം, ചാൾസ്, അജാത്, നൗഫൽ കട്ടൂപ്പാറ, രഞ്ജു സാം, ജസ്റ്റിൻ, ജംനാസ്, ജോജി, മുഹമ്മദ് ഷാ,ഷെജിൽ,ഷിബു കൊല്ലം എന്നിവർ നേതൃത്വം നൽകി.