/sathyam/media/media_files/l6ia7HuL8u6nIRzxY4hy.webp)
മനാമ: ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ജീവനുകൾ പൊലിഞ്ഞതിന്റെ ആഘാതത്തിലാണ് പ്രവാസ ലോകം. ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരും സുഹൃത്തുക്കളുമാണ് ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത്. ഓണാഘോഷത്തിൽ സജീവമായി പങ്കെടുത്ത് പുഞ്ചിരിച്ചു നിന്ന് സ്വന്തം ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച നാലു പേരും ഇനിയില്ല.
ബഹ്റൈനിലെ സൽമാബാദിൽ ആഘോഷ പരിപാടിയിൽ പങ്കെടുത്ത് മുഹറഖിലേക്ക് മടങ്ങവേയായിരുന്നു ദാരുണമായ വാഹനാപകടം സംഭവിച്ച് ഉറ്റ സുഹൃത്തുക്കളുടെ വേർപാട്. അകാലത്തിൽ പിരിഞ്ഞ എല്ലാവരും സുഹ്യത്തുക്കൾ മാത്രമല്ല ബഹ്റൈനിലെ ഒരേ തൊഴിലിടത്തിൽ സ്നേഹത്തോടെ കഴിഞ്ഞവർ കൂടിയായിരുന്നു. വിട പറഞ്ഞ എല്ലാവരും ഉറ്റ സുഹ്യത്തുക്കൾ. മുഹറഖിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ.
പ്രവാസികളുടെ ഓണാഘോഷം നടക്കുന്ന വാരാന്ത്യ ദിനത്തിൽ സ്ഥാപനത്തിലെ ജീവനക്കാർക്ക് വേണ്ടി സംഘടിപ്പിച്ച ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങവേ രാത്രി പൊടുന്നനെ സംഭവിച്ച അപകടം പുലർച്ചെയാണ് അധികംപേരും ഞെട്ടലോടെ അറിഞ്ഞത്. മരിച്ച മഹേഷും ഭാര്യയും മകളോടൊപ്പമാണ് ആഘോഷത്തിനെത്തിയത്. ഓണക്കളികളിലും സദ്യയിലും പൂക്കളമൊരുക്കാനും ആവേശത്തോടെ പങ്കെടുത്ത അഞ്ചു പേരും സഹപ്രവർത്തകരുടെ മനസിൽ നിന്ന് മായുന്നില്ല.
മലയാളികളായ നാലുപേരും ആഘോഷത്തിനിടെ ഒരു ഫ്രയിമിൽ ഫോട്ടോ എടുക്കുകയും ചെയ്തു. ഇത് ഗ്രൂപ്പുകളിലടക്കം ഷെയർ ചെയ്ത ശേഷമാണ് അഞ്ചു പേരും പത്തുമണിയോടെ താമസസ്ഥലത്തേക്ക് തിരിച്ചത്. ആഘോഷം കഴിഞ്ഞ് ഒരേ വാഹനത്തിൽ താമസ സ്ഥലത്തേക്ക് പുറപ്പെട്ട സുഹ്യത്തുക്കളുടെ മടക്കം അവസാന യാത്രയായി. മുഹറഖിൽ ആശുപത്രിക്കടുത്തു തന്നെയാണ് അഞ്ചു പേരും താമസിച്ചിരുന്നത്. ഉത്സാഹ ശാലികളായ ചെറുപ്പക്കാർ മലയാളി വൃത്തങ്ങളിലെല്ലാം സുപരിചിതരായിരുന്നു. തങ്ങൾ ആശുപത്രിയിലെത്തുമ്പോൾ സ്നേഹത്തോടെ വരവേറ്റിരുന്ന ചിരിക്കുന്ന മുഖങ്ങൾ ഇനി ഇല്ല എന്ന തിരിച്ചറിവിന്റെ ആഘാതത്തിലാണു പരിചിതരായവരെല്ലാം.
ബഷീര്‍ അമ്പലായി.