ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതിയുമായി ട്രംപ് : അറബ്  ഭരണാധികാരികളെ കാണും

ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വഴികൾ സംബന്ധിച്ചും തുടർന്ന് നടപ്പാക്കേണ്ട കാഴ്ചപ്പാട് സംബന്ധിച്ചുമായിരിക്കും അറബ് രാഷ്ട്രത്തലവന്മാരുമായുള്ള ട്രംപിന്റെ ചർച്ച കേന്ദ്രീകരിക്കുകയെന്ന് യുഎസ് വൃത്തങ്ങൾ അറിയിച്ചു

New Update
trump

ജിദ്ദ:   പലസ്തീൻ ​ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക ആവിഷ്കരിക്കുന്ന  പദ്ധതി നടപ്പിലാക്കുന്നതിന്റെ  ഭാഗമായി അറബ് ഭരണാധികാരികളുമായി  പ്രസിഡണ്ട് ട്രംപ്  അടുത്ത ദിവസം തന്നെ   കൂടിക്കാഴ്ച  നടത്തിയേക്കും. അമേരിക്ക മുന്നോട്ട് വെക്കുന്ന പലസ്തീൻ പദ്ധതി പ്രമുഖ  അറബ് ഭരണാധികാരികൾക്കും സമ്മതമായിരിക്കുമെന്നും അങ്ങിനെയെങ്കിൽ  അതിലൂടെ  യുദ്ധം  അവസാനിക്കുമെന്നുമാണ്  നിരീക്ഷണം.

Advertisment


ന്യൂയോർക്കിൽ നടക്കുന്ന യു എൻ പൊതുസഭയോടനുബന്ധിച്ച് ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു കൂട്ടം അറബ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ്   പ്രതീക്ഷ.

  പലസ്തീൻ രാഷ്ട്രത്തെ  കൂടുതൽ കൂടുതൽ ലോക രാഷ്ട്രങ്ങൾ അംഗീകരിച്ചു കൊണ്ടിരിക്കുന്നതിന്റെയും  വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയുടെയും പശ്ചാത്തലത്തിൽ  സെപ്റ്റംബർ 29 ന് വൈറ്റ് ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച  നടക്കുന്നതിന്  ഏതാനും  ദിവസങ്ങൾക്ക്  മുമ്പാണ്  അറബ്  ഭരണാധികാരികളുമായി  ട്രംപ്  കൂടിക്കാഴ്ച  നടത്തുന്നതെന്നും  ശ്രദ്ധേയമാണ്.

ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വഴികൾ സംബന്ധിച്ചും  തുടർന്ന്  നടപ്പാക്കേണ്ട  കാഴ്ചപ്പാട്  സംബന്ധിച്ചുമായിരിക്കും  അറബ്  രാഷ്ട്രത്തലവന്മാരുമായുള്ള  ട്രംപിന്റെ  ചർച്ച  കേന്ദ്രീകരിക്കുകയെന്ന്  യുഎസ് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ പിന്തുണയ്ക്കാനും "ഡേ ആഫ്റ്റർ" പദ്ധതിയിൽ പങ്കെടുക്കാനും അറബ് രാജ്യങ്ങളെ പ്രേരിപ്പിക്കാൻ ട്രംപ് ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.  ഇസ്രായേൽ സൈന്യത്തെ  അവിടുന്ന് മാറ്റിയ ശേഷം  സ്ഥിരത ഉറപ്പാക്കാൻ  സൈന്യത്തെ  അയയ്ക്കുകയെന്നതാണ് പരിഗണയിൽ.

അതേസമയം, ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും വെസ്റ്റ് ബാങ്കിലെ അധിനിവേശ നടപടികൾ ഒഴിവാക്കാനും നെതന്യാഹുവിനെതിരെ സമ്മർദ്ദം ചെലുത്താൻ അറബ് നേതാക്കൾ ട്രംപിനോട് അഭ്യർത്ഥിക്കുമെന്നാണ്   ചില  വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്.

അതേസമയം, കഴിഞ്ഞ  ദിവസം നടത്തിയ  പ്രസ്താവനയിലൂടെ  നെതന്യാഹു  "തന്റെ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനും"  "ഒരു പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് തടയുന്നതിനും"  പ്രതിജ്ഞയെടുക്കുകയും ചെയ്തു.

തകർന്ന പലസ്തീൻ മുനമ്പിന്റെ  ഏകദേശം 70% വും ഇസ്രായേൽ  കൈവശപ്പെടുത്തുകയും  അവശേഷിക്കുന്ന  മുഴുവൻ ഭാഗത്തിന്റെയും  നിയന്ത്രണവും പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള കര പ്രവർത്തനങ്ങൾ വികസിപ്പിക്കുകയും ചെയ്തപ്പോഴാണ്   ഈ പ്രതിജ്ഞ.     .

അതോടൊപ്പം, അന്താരാഷ്ട്രതലത്തിൽ നിന്നുള്ള എല്ലാ അഭ്യർത്ഥനകളും നിർദ്ദേശങ്ങളും അവ​ഗണിച്ച്, വരാനിരിക്കുന്ന  ദുരന്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളും തള്ളിക്കളഞ്ഞ് ഗാസ മുഴുവൻ നശിപ്പിക്കുമെന്നും "ഹമാസിന്റെ ശവകുടീരമാക്കി മാറ്റുമെന്നും" ഇസ്രായേൽ പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്‌സും  പ്രതിജ്ഞയെടുത്തു.

2023 ഒക്ടോബർ 7 മുതൽ, ഗാസയിൽ തുടർച്ചയായ യുദ്ധം നടക്കുകയാണ്.   ശ്വാസംമുട്ടിക്കുന്ന ഉപരോധത്തിനും ഭക്ഷണവും  വൈദ്യസഹായവും  തടയപ്പെട്ട  അതിദുരിതാവസ്ഥയിലുമാണ്  പ്രദേശം.  ഈ പശ്ചാത്തലത്തിൽ  കഴിഞ്ഞ  ആഗസ്റ്റിൽ  ഐക്യരാഷ്ട  സഭ തന്നെ ​ഗാസ  മുനമ്പ്  ദാരിദ്യത്തിലാണെന്ന് ഔദ്യോഗികമായി  പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

Advertisment