അബ്ദുറഹ്‌മാൻമാർ സംഘടിക്കുന്നു;  പോരിശയുള്ള പേരിന്റെ പേരിൽ!

New Update
33

അബ്ദുൽറഹ്‌മാൻ നഗർ (മലപ്പുറം):   പേരിൽ എന്തിരിക്കുന്നു എന്നതൊരു ചോദ്യം!  പേരിലല്ലേ എല്ലാം  എന്ന് മറുമൊഴിയും!!   ഏതു പ്രദേശത്തുകാരാകട്ടേ, കുടുംബത്തിൽ പെട്ടവരാകട്ടേ, ഒരേ പേരുകാർ തമ്മിൽ എന്തെങ്കിലും പ്രത്യേക ബന്ധം കാണുമോ?    കാണുമെന്ന്  തെളിയിക്കുകയാണ്  "അബ്ദുൽറഹ്‌മാൻ  സംഘടന" രൂപവത്കരിക്കാൻ  വേണ്ടി അബ്ദുൽറഹ്‍മാൻ പഞ്ചായത്തിന് സമീപം  സംഗമിക്കുന്ന ഏതാനും പ്രമുഖ മലയാളി  അബ്ദുൽറഹ്‌മാൻമാർ.    

Advertisment

കരിപ്പൂർ വിമാനത്താവളത്തിന് സമീപം  അനശ്വരനായ സ്വാതന്ത്ര്യ സേനാനി അബ്ദുൽറഹ്‌മാൻ  സാഹിബിന്റെ നാമധേയത്തിലുള്ള   അബ്ദുൽറഹ്‌മാൻ   നഗർ  പഞ്ചായത്ത് അതിർത്തിയിലെ  പാമങ്ങാടൻ വസതിയായ ഷാസ് വില്ല (7034700000) യിൽ  വെച്ചാണ്  പ്രഥമ " അബ്ദുൽറഹ്‌മാൻ   എക്സിക്യൂട്ടിവ്  സംഗമം".     ഞായറാഴ്ച (നവംബർ 26)  രാവിലെ പതിനൊന്ന് മണി മുതൽ വൈകീട്ട് നാല് വരെ നീളുന്ന  സംഗമത്തിൽ ഉദ്ദിഷ്ട സംഘടനയ്ക്ക്    ഔപചാരികമായ രൂപവും ഘടനയും പ്രവർത്തന രൂപരേഖയും ഉണ്ടാവുന്നതോടെ  ചിട്ടയോടെയുള്ള  പ്രവർത്തനങ്ങളിൽ അബ്ദുൽറഹ്‌മാൻമാർ  വ്യാപൃതരാവും.    കാരുണ്യവാന്റെ  ദാസന്മാർ  എന്ന  തങ്ങളുടെ  പേരിന്റെ അർഥം  അന്വർത്ഥമാക്കും വിധം  ജീവകാരുണ്യ  പ്രവർത്തനങ്ങളിലൂടെ  കാര്യണ്യത്തിന്റെ  ജീവിക്കുന്ന  മാതൃകയാവുകയാണ്  കൂട്ടായ്മയുടെ   ലക്ഷ്യമെന്നും   അണിയറയിൽ പ്രവർത്തിക്കുന്ന  അബ്ദുൽറഹ്‌മാൻമാർ  വിവരിച്ചു.    .  

ഇടത് പക്ഷക്കാരനായ മന്ത്രി വി അബ്ദുൽറഹ്‌മാൻ,  മുസ്ലിം ലീഗ്  നേതാവും  എം എൽ എയുമായ   അബ്ദുൽറഹ്‌മാൻ   രണ്ടത്താണി തുടങ്ങി കക്ഷിഭേദമെന്യേ  കേരളത്തിലെ എല്ലാ  അബ്ദുൽറഹ്‌മാൻമാരുടെയും പൊതുവേദിയായിരിക്കും അബ്ദുൽറഹ്‌മാൻ സംഘടനയെന്നും കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ കൂടായ്മയായിരിക്കും അതെന്നും സംഘാടകർ  അവകാശപ്പെട്ടു.    ഏതാനും ആഴ്ചകൾക്ക് മുമ്പ്  ചില വ്യക്തികളുടെ മനസ്സിലുദിച്ച    "അഖില കേരളാ അബ്ദുൽറഹ്‌മാൻ   സംഘടന" എന്ന ആശയത്തിന് കേരളത്തിലെ  വിവിധ പ്രദേശങ്ങളിൽ നിന്ന്  ലഭിച്ച  ആവേശകരമായ സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ് ഔപചാരിക രൂപത്തിൽ തന്നെയുള്ള കൂട്ടായ്‌മ രൂപവത്കരിക്കുന്നതിന്  താത്കാലിക എക്സിക്യൂട്ടീവ്  സംഗമം സംഘടിപ്പിക്കുന്നത്.   

"പരമകാരുണ്യവാന്റെ ദാസൻ" എന്ന അനുഗ്രഹീത പേരുള്ളവർ പാവങ്ങൾക്കും നിരാലംബർക്കും  അനുഗ്രഹവും കാരുണ്യവുമായി മാറുമെന്നതായിരിക്കും  അബ്ദുൾറഹ്മാൻ സംഘടനയുടെ സാമൂഹ്യ പ്രസക്തിയെന്നും  ഇതിനായി രംഗത്തുള്ള പ്രമുഖരായ  മഞ്ചേരിയിലെ പ്രശസ്ത അഭിഭാഷകൻ അഡ്വ. അബ്ദുൾറഹ്മാൻ,  സൗദി അറേബ്യയിൽ ബിസിനസ്‌കാരനുമായ പാമങ്ങാടൻ അബ്ദുറഹ്‍മാൻ  തുടങ്ങിയവർ വിവരിച്ചു.

Advertisment